ബാലവേലയ്ക്കായി പെണ്‍കുട്ടികളെ വിറ്റ സംഭവം; മലയാളിയടക്കം ആറുപേര്‍ റിമാന്‍ഡില്‍
കണ്ണൂര്‍ (പെരിങ്ങത്തൂര്‍): കഴിഞ്ഞ ദിവസം ചൊക്ലി കീഴ്മാടം വലിയാണ്ടി പീടികയ്ക്കു സമീപം വീട്ടുജോലിക്കായി ഇതര സംസ്ഥാനത്തു നിന്നും എത്തിച്ച അഞ്ച് പെണ്‍കുട്ടികളെ വിറ്റ സംഭവത്തില്‍ ആറു പേര് അറസ്റ്റില്‍. കണ്ണൂര്‍ ചൈല്ഡ്ലൈന് റസ്ക്യൂ ഓഫിസര്‍മാര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊക്ലി പൊലിസാണ് പ്രതികളെ പിടികൂടിയത്. ആന്ധ്ര സ്വദേശിനി മസ്താനി (40), ഇടനിലക്കാരായി പ്രവര്‍ത്തിച്ച തമിഴ്നാട് സ്വദേശികളായ മൂജ്നബി (38), ചാന്ദ്പാഷ (40), റസിയ (35), മുംതസ് (40) ഇവരെ സഹായിച്ച മലയാളി കീഴ്മാടം വലിയാണ്ടി പീടികയിലെ അസീസ് (60) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ആന്ധ്ര സ്വദേശിനിയായ മസ്താനിയാണ് കുട്ടികളെ ആന്ധ്ര അതിര്‍ത്തിയില്‍ നിന്നു കേരളത്തിലെ ഇടനിലക്കാര്‍ക്ക് എത്തിച്ചുകൊടുത്തത്. മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റായി പ്രവര്‍ത്തിച്ച ആന്ധ്ര-തമിഴ്നാട് അതിര്‍ത്തിയിലെ തിരുവളായി ജില്ലയിലെ മുസ്ലിനഗറില് ഷെറീഫി (55)നെയും പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ് വീട്ടുകാര്‍ക്ക് കുട്ടികളെ കൈമാറിയത്. ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കരാര്‍ പുതുക്കുകയോ കുട്ടികളെ മാറ്റി നല്‍കുകയോയാണ് പതിവെന്ന് പിടിയിലായവര്‍ പൊലിസിനോട് പറഞ്ഞു. എട്ടു വയസ് മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെയാണ് ഏജന്റുമാര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുള്ളത്. വീടുകളില്‍ നിന്നും മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങള്‍ എല്‍ക്കേണ്ടി വന്നതായ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു മുന്‍പാകെ കുട്ടികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ആന്ധ്രയിലെത്തിയ ചൊക്ലി എസ്.ഐ ഷിബു കേരളത്തിലെ പല ജില്ലകളിലും സമാന രീതിയിലുള്ള റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."