പ്രതിസന്ധി ഒഴിയുന്നില്ല; പ്രിയദര്‍ശിനി ബസുകള്‍ വില്‍പനക്ക്
മാനന്തവാടി: പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ പ്രിയദര്‍ശിനി ബസുകള്‍ വില്‍ക്കാനൊരുങ്ങി അധികൃതര്‍.
ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വയനാട് ജില്ലാ പട്ടിക ജാതിവര്‍ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘമാണ് തകര്‍ച്ചയുടെ വക്കിലുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് സഹകരണസംഘത്തിന്റെ നിയന്ത്രണത്തിലാണ് പ്രിയദര്‍ശിനി ബസുകള്‍ ഓടുന്നത്. സംഘത്തിന്റെ മൂന്ന് സലൂണ്‍ ബോഡി ബസുകളാണ് വില്‍പനയ്ക്ക് വച്ചിട്ടുള്ളത്. 2012ലാണ് ഈ ബസുകള്‍ നിരത്തിലിറക്കിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ പഞ്ചാരക്കൊല്ലി യൂനിറ്റില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഓഫിസ് സമയത്ത് എത്തി പരിശോധിക്കാമെന്നും 25ന് രാവിലെ 11ന് ലേലം ചെയ്യുമെന്നുമാണ് അധികൃതര്‍ ഇറക്കിയ കുറിപ്പിലുള്ളത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇന്ദിരാഗാന്ധിയുടെ പേരില്‍ സഹകരണസംഘം തുടങ്ങിയത്. പട്ടികവര്‍ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണസംഘം ഒരുകാലത്ത് ജില്ലയിലെ ഗതാഗതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. തിരുനെല്ലി, വാളാട് തുടങ്ങിയ പ്രദേശങ്ങളിലേക്കും സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, തിരുവനന്തപുരം റൂട്ടുകളിലും മുടക്കമില്ലാതെ സര്‍വിസ് നടത്തിവന്ന പ്രിയദര്‍ശിനി ബസുകള്‍ പതിയെ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. ഇവയ്ക്കുപുറമെ ഒരു ടൂറിസ്റ്റ് ബസും പ്രിയദര്‍ശിനിക്ക് സ്വന്തമായുണ്ട്. പി.കെ ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോള്‍ പ്രത്യേക താല്‍പര്യമെടുത്താണ് മൂന്ന് സലൂണ്‍ ബസുകള്‍ നിരത്തിലിറക്കിയത്. രാത്രി ഏഴിന് മാനന്തവാടിയില്‍ നിന്ന് ഒരു ബസ് പുറപ്പെടുമ്പോള്‍ ഇതേസമയം തിരുവനന്തപുരത്തുനിന്ന് മറ്റൊരു ബസ് മാനന്തവാടിയിലേക്കും പുറപ്പെടുന്നതായിരുന്നു പതിവ്. ഇതിലേതെങ്കിലും ബസിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഓടാനാണ് മറ്റൊരു ബസ്. തിരുവനന്തപുരം ബസുകള്‍ ഒന്നര വര്‍ഷത്തോളമായി ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. ഒരുകാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘം ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."