തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇങ്ങനെപോയാല്‍ ശരിയാവില്ലെന്നും അവിടെയുള്ളവര്‍ ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളുടെ സമീപനവും മനോഭാവവും മാറണം. ചുവപ്പുനാട ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കിയത്. ചുവപ്പുനാടയ്ക്ക് മാറ്റം വന്നിട്ടുണ്ടോയെന്ന് തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ ആത്മപരിശോധന നടത്തണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികള്‍ക്ക് ചിലരെങ്കിലും അനാവശ്യ തടസം സൃഷ്ടിക്കുന്നുണ്ട്. നോക്കുകൂലി ഇനിയും അവശേഷിക്കുന്നെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായി ഇടപെടേണ്ടിവരും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്തണം. പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാല്‍ സാമ്പത്തിക വികസനത്തില്‍ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവും. നിലവില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടര്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം.
പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ചര്‍ച്ചകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."