അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കൊച്ചി: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. വിവിധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ചോദിച്ചറിഞ്ഞു. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
എന്നാല്‍ തനിക്കു വരവില്‍കക്കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും ബാബു പിന്നീട് മധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന അവസാന 10 കൊല്ലമാണ് വിജിലന്‍സ് അന്വേഷിച്ചത്. ഇതില്‍ അഞ്ചു കൊല്ലം എം.എല്‍.എ ആയിരുന്നു. ഈ അഞ്ചു കൊല്ലത്തെ എം.എല്‍.എയുടെ നിയോജകമണ്ഡലം അലവന്‍സുമുണ്ട്. അക്കാലത്ത് തനിക്കു കിട്ടിയ ട്രാവല്‍, ഡെയ്‌ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്നും ബാബു കുറ്റപ്പെടുത്തി.
2018ലാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. 150 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ബാബുവിനെതിരേ വിജിലന്‍സ് തുടക്കത്തില്‍ ഉന്നയിച്ചത്. എന്നാല്‍ 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലന്‍സ് പിന്നീടു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബാബുവിനെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."