കേരളാ ബാങ്ക്: നബാര്‍ഡിന്റെ പുതിയ നിബന്ധനകള്‍ സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടി
തൊടുപുഴ: കേരളാ ബാങ്കിനായി ജില്ലാ ബാങ്കുകളെ വരുതിയിലാക്കാന്‍ ഓര്‍ഡിനന്‍സിന് ശുപാര്‍ശ ചെയ്തിരിക്കെ നബാര്‍ഡിന്റെ പുതിയ നിബന്ധനകള്‍ സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടി. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുപുറമേ (പാക്‌സ്) പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും കേരള ബാങ്ക് ഭരണസമിതിയില്‍ പങ്കാളിത്തം അനുവദിക്കണമെന്നാണ് നബാര്‍ഡിന്റെ പുതിയ നിബന്ധന. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേരളാ ബാങ്കിന്റെ അംഗത്വത്തില്‍ പ്രാഥമിക സംഘങ്ങളെ മാത്രം നിലനിര്‍ത്തി ബാങ്കിനെ നിയന്ത്രണത്തിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ജില്ലാ - സംസ്ഥാന സഹകരണ ബാങ്കുകളുടെ ലയനത്തിനായി ആര്‍.ബി.ഐ വച്ചപ്രധാന ഉപാധിയായിരുന്നു ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനനുകൂലമായ പ്രമേയം പാസാക്കണം എന്നുള്ളത്. ഇതു മറികടക്കാന്‍ ജനറല്‍ ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു പകരം കേവല ഭൂരിപക്ഷമാക്കാന്‍ സഹകരണ നിയമത്തില്‍ 14 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായ നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ബാങ്കിങ് റഗുലേഷന്‍ - കമ്പനീസ് ആക്ടുകള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സഹകാരികള്‍ ആര്‍.ബി.ഐ ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ 18 റിട്ട് ഹരജികള്‍ നിലവിലുണ്ട്. നബാര്‍ഡ് മറ്റ് രണ്ടു നിബന്ധനകള്‍ കൂടി മുമ്പോട്ടുവച്ചിട്ടുണ്ട്. ഏതെങ്കിലും സംഘങ്ങള്‍ക്ക് കേരള ബാങ്കിലെ ഓഹരിപങ്കാളിത്തം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ അതിന് അനുമതിനല്‍കണമെന്നും മുഖവിലയല്ല, കണക്കുപ്രകാരമുള്ള തുകയാണ് ഇങ്ങനെ ഓഹരി പിന്‍വലിക്കുമ്പോള്‍ കണക്കാക്കേണ്ടതെന്നുമാണ് രണ്ടാമത്തെ നിബന്ധന. ഓരോ ജില്ലാ ബാങ്കിന്റെയും ലയനത്തിന് മുമ്പുള്ള അറ്റമൂല്യം കണക്കാക്കിയാണ് കേരള ബാങ്കിലെ അവരുടെ ഓഹരിപങ്കാളിത്തം നിശ്ചയിക്കേണ്ടതെന്നതാണ് മൂന്നാമത്തെ നിബന്ധന. പുതിയ വ്യവസ്ഥകള്‍ പാലിച്ചാല്‍ കേരള ബാങ്ക് ഭരണസമിതി യു.ഡി.എഫ്. നേടുമെന്ന് ഉറപ്പാണ്. അതിനാല്‍ പുതിയ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നബാര്‍ഡിന് കത്തയച്ചു.
ഇനി കേരളത്തില്‍ സര്‍വിസ് സഹകരണ ബാങ്കുകള്‍ രൂപീകരിക്കരുതെന്നും നിലവിലുള്ള സര്‍വിസ് സഹകരണ ബാങ്കുകള്‍ക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയാവും. ജില്ലാ സഹ. ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ 2017 ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വഴി അംഗത്വം നഷ്ടപ്പെട്ട സംഘങ്ങളില്‍ ഭൂരിഭാഗവും ബന്ധപ്പെട്ട ജില്ലാ ബാങ്കുകളില്‍ ലക്ഷങ്ങള്‍ ഓഹരിപങ്കാളിത്തമുള്ള സംഘങ്ങളാണ്. നബാര്‍ഡ് നിര്‍ദ്ദേശത്തിലൂടെ ഈ സംഘങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."