സ്‌കൂള്‍ ബസുകളിലെ സുരക്ഷ : മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷസംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ എല്ലാ സ്‌കൂള്‍ ബസുകളിലും സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്നും വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടാന്‍ പാടില്ലെന്നും സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബസുകളില്‍ ജി.പി.എസ് സംവിധാനവും സി.സി.ടി.വിയും ഘടിപ്പിക്കണം. സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്തം. മാര്‍ഗനിര്‍ദേശം ലംഘിക്കപ്പെട്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സി.ബി.എസ്.ഇ ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ 18,000 സി.ബി.എസ്.സി സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഈ സര്‍ക്കുലര്‍ ബാധകമാണ്.
സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍
= ബസിന്റെ രണ്ടുവശങ്ങളിലും മുന്നിലും സ്‌കൂളിന്റെ പേരുകള്‍ കറുത്ത അക്ഷരത്തില്‍ എഴുതണം
= ബസിന് മഞ്ഞ പെയിന്റ് അടിക്കണം. താല്‍ക്കാലികമായി ഓടുന്നവയാണെങ്കില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കണം.
= പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള ഒരാളും വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്രചെയ്യാന്‍ പാടില്ല.
= ബസില്‍ പി.ടി.എ പ്രതിനിധികളായി ഏതെങ്കിലും ഒരാള്‍ക്ക് മേല്‍നോട്ടക്കാരനായി യാത്രചെയ്യാം
= ബസിനുള്ളില്‍ എന്തെല്ലാം നടക്കുന്നുവെന്നു പുറത്തുനിന്നു നോക്കിയാല്‍ കാണുന്നവിധത്തിലാവണം
= ഓരോ ബസിനും സ്‌കൂള്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ നല്‍കണം
= വിദ്യാര്‍ഥികളെ വഹിക്കുന്ന സമയത്ത് നാലുചക്രവാഹനങ്ങളെ ഒരിക്കലും മറികടക്കരുത്
= വിദ്യാര്‍ഥികള്‍ എല്ലാവരും 12 വയസിനു താഴെയുള്ളവരാണെങ്കില്‍ മൊത്തം സീറ്റിന്റെ ഒന്നര ഇരട്ടിയില്‍ കൂടുതല്‍ പേര്‍ ഒരേസമയം യാത്രചെയ്യരുത്
= ഒരിക്കല്‍ ശിക്ഷിക്കപ്പെട്ട ആളെ വീണ്ടും സ്‌കൂള്‍ ബസിന്റെ ഡ്രൈവറാക്കരുത്
= ഡ്രൈവര്‍ക്ക് ഹെവി വെഹിക്കിള്‍ ഓടിച്ച് അഞ്ചുവര്‍ഷമെങ്കിലും പരിചയം വേണം
= ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം വേണം,ബസില്‍ മുന്നറിയിപ്പ് ബെല്ല് വേണം
= എല്ലാ ബസിലും എമര്‍ജന്‍സി വാതിലുകള്‍ വേണം
= അഗ്നിശമനി ഉണ്ടായിരിക്കണം
= ഓരോ സ്‌കൂളിലും ഒരു ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഉണ്ടായിരിക്കണം. വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷസംബന്ധിച്ച ഉത്തരവാദിത്തം ഇയാള്‍ക്കായിരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."