ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് ആധിപത്യം; സ്പിന്നില്‍ കുരുങ്ങി ഇന്ത്യ
പൂനെ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് കൂറ്റന്‍ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 155 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ കളിയവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നാലിന് 143 എന്ന നിലയിലാണ്. ആസ്‌ത്രേിലയക്ക് ഇപ്പോള്‍ 298 റണ്‍സിന്റെ ലിഡാണുള്ളത്.
തുടര്‍ പരമ്പര ജയങ്ങളുമായി വന്ന ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ അടിപതറുകയായിരുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 260 റണ്‍സിനെതിരേ ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 105 റണ്‍സിനാണ് കൂടാരം കയറിയത്. മൂന്നിന് 94 എന്ന നിലയില്‍ നിന്ന് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യ.
മുരളി വിജയ്(10) ലോകേഷ് രാഹുല്‍(64) ഓപണിങ് സഖ്യം പതിയെയാണ് തുടങ്ങിയത്. എന്നാല്‍ ഓസീസിന്റെ പേസ് ബൗളിങ് ഇന്ത്യക്ക് വൈകാതെ തന്നെ തലവേദനയായി. വിജയിനെ ഹാസെല്‍വുഡ് വേഡിന്റെ കൈയ്യിലെത്തിച്ചു.
അധികം വൈകാതെ തന്നെ ചേതേശ്വര്‍ പൂജാര(6)യെ സ്റ്റാര്‍ക്കും പുറത്താക്കി. ഏറെ പ്രതീക്ഷയോടെയെത്തിയ വിരാട് കോഹ്‌ലി(0)യെയും സ്റ്റാര്‍ക്ക് മടക്കി. ഇതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. അജിന്‍ക്യ രഹാനെ(13) രാഹുലിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. സ്പിന്‍ കളിക്കുന്നതില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കക്കാരനായ സ്പിന്നര്‍ സ്റ്റീവ് ഒകീഫിന്റെ കറങ്ങുന്ന പന്തുകളില്‍ മുന്നില്‍ അടിയറവ് പറഞ്ഞു.
ഒരു ശരാശരി സ്പിന്നറെ എങ്ങനെ കളിക്കണമെന്നറിയാതെ വട്ടം കറങ്ങുന്ന ടീമിനെയാണ് മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. ടീമിന്റെ ടോപ് സ്‌കോറര്‍ ലോകേഷ് രാഹുലിനെ പുറത്താക്കിയാണ് ഒകീഫ് വരവറിയിച്ചത്. 97 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. രാഹുല്‍ പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങിന്റെ താളം തെറ്റി. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റങിന് പേര് കേട്ട രഹാനെയുടെ ഊഴമായിരുന്നു അടുത്തത്.
ഒകീഫിനെ കളിക്കുന്നതില്‍ ക്ഷമ കാണിക്കാതെ രഹാനെ പുറത്തായതോടെയാണ് ടീമിന്റെ തകര്‍ച്ച തുടങ്ങുന്നത്. നാലിന് 94 എന്ന നിലയിലായ ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിക്കാറുള്ള അശ്വിന്‍ രക്ഷപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അശ്വിനെ നാഥന്‍ ലിയോണാണ് മടക്കിയത്. കുത്തിത്തിരിയുന്ന പന്തുകള്‍ കളിക്കുന്നതില്‍ കാണിച്ച അലംഭാവമാണ് താരത്തിന് തിരിച്ചടിയായത്.
മികച്ച ഫോമിലുള്ള വൃദ്ധിമാന്‍ സാഹ(0)യായിരുന്നു അടുത്തത്. സാഹയെ സ്മിത്തിന്റെ കൈയിലെത്തിച്ചത് ഒക്കീഫാണ്. ആറിന് 95 എന്ന നിലയില്‍ പരുങ്ങി നിന്ന് ഇന്ത്യക്ക് അതിവേഗം തന്നെ കൂടാരം കയറി. രവീന്ദ്ര ജഡേജ(2) ഉമേഷ് യാദവ്(4)ജയന്ത് യാദവ്(2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. കങ്കാരുക്കള്‍ക്ക് വേണ്ടി ഒകീഫ് ആറു വിക്കറ്റെടുത്തു.
മിച്ചല്‍ സ്റ്റാര്‍ക് രണ്ടും ജോഷ് ഹാസെല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. വമ്പന്‍ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയെ തുടക്കത്തില്‍ ഞെട്ടിക്കാന്‍ ഇന്ത്യക്കായെങ്കിലും പിന്നീട് മത്സരത്തിലെ നിയന്ത്രണം നഷ്ടമായി. ഡേവിഡ് വാര്‍ണര്‍(10) ഷോണ്‍ മാര്‍ഷ്(0) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(19) മാറ്റ് റെന്‍ഷാ(31) എന്നിവരാണ് പുറത്തായത്.
സ്റ്റീവന്‍ സ്മിത്ത്(59*) മിച്ചല്‍ മാര്‍ഷ്(21*) എന്നിവരാണ് പുറത്താവാതെ ക്രീസില്‍. ഇന്ത്യക്കായി അശ്വിന്‍ മൂന്നുവിക്കറ്റെടുത്തു. ഉമേഷ് യാദവിനാണ് ശേഷിച്ച വിക്കറ്റ്.
നേരത്തെ ഒന്‍പതിന് 256 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കങ്കാരുക്കള്‍ 260 റണ്‍സിനാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക(61)നെ അശ്വിന്‍ പുറത്താക്കി. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ് നാലും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു. ജഡേജ രണ്ടും ജയന്ത് യാദവ് ഒന്നും വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."