നോട്ടുനിരോധനത്തിന്റെ ആഘാതം സഹകരണമേഖല മറികടക്കും: മന്ത്രി
കൊച്ചി: നോട്ടുനിരോധനത്തിന്റെ മറപിടിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സഹകരണ മേഖലയ്‌ക്കേല്‍പ്പിച്ച ആഘാതം ചെറുതല്ലെന്നും ഇത് മറികടക്കുമെന്നും സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണപ്രസ്ഥാനം കാലങ്ങളായി നേടിയെടുത്ത വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കാനാണ് സംഘടിതമായി ശ്രമം നടന്നത്. ബഹുജനപിന്തുണയോടെയാണ് ഈ പരീക്ഷണഘട്ടം സഹകരണമേഖല മറികടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഗവ. സര്‍വന്റ്‌സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ ബാങ്കുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള കെ വൈസി മാനദണ്ഡം പാലിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ എല്ലാ ഇടപാടുകാരും പരിചയമുള്ളവരാണ്. അവരുടെ പണത്തിന്റെ സ്രോതസ്സും സഹകരണബാങ്കുകള്‍ക്ക് അറിയാം. കേരളത്തിലെ സഹകരണപ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ ഉദ്ഘാടനം മുന്‍ എം. പി പി. രാജീവ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. സുധീര്‍കുമാര്‍ അധ്യക്ഷനായി എന്‍. ജി. ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി. എച്ച്. എം ഇസ്മാഈല്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ സി. കെ. ഗിരി, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍. ആര്‍. വൃന്ദാദേവി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എസ് ഷാനില്‍, സെക്രട്ടറി പി. പി. മീര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."