സഹകരണ സ്ഥാപനങ്ങളിലെ നിയമനം; സഹകരണ ബിരുദമുള്ളവര്‍ക്ക് വിലക്ക്
മലപ്പുറം: സഹകരണ സ്ഥാപനമായ കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡില്‍ ഒഴിവുള്ള ജൂനിയര്‍ സിസ്റ്റം ഓഫിസര്‍ തസ്തികയിലേക്ക് സഹകരണത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
പി.എസ്.സിയുടെ മെയ് 12 ലെ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം 842016 -ാം നമ്പര്‍ കാറ്റഗറിയിലേക്ക് ക്ഷണിച്ച അപേക്ഷക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് ബി.സി.എ അല്ലെങ്കില്‍ മാത്സ്, കൊമേഴ്സ്, ഫിസിക്സ് ഇവയിലേതെങ്കിലും ഡിഗ്രിയോ അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കൂടെ കംപ്യൂട്ടര്‍ അപ്ലിക്കേഷനിലോ കംപ്യൂട്ടര്‍ സയന്‍സിലോ ഡിപ്ലോമയോ അല്ലെങ്കില്‍ എം.സി.എയോ ആണ്. എന്നാല്‍ കൊമേഴ്സ് ഡിഗ്രിയില്‍ കോ-ഓപറേഷന് എടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. ബി.കോം എന്നുള്ളത് കൊമേഴ്സ് ബിരുദമാണെങ്കിലും പ്രസ്തുത കൊമേഴ്സ് ബിരുദത്തില്‍ കോ-ഓപറേഷന് ഐഛിക വിഷയമായെടുത്ത് ബിരുദം നേടിയവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബി.കോം കൊമേഴ്സ് അല്ലാത്തതുകൊണ്ട് സാധിക്കില്ല എന്നാണ് പറയുന്നത്.
ഒരു സഹകരണ സ്ഥാപനത്തിലേക്ക് സഹകരണത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല എന്നു മാത്രമല്ല സഹകരണത്തില്‍ ഒരറിവുമില്ലാത്ത ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാനും സാധിക്കുന്നു എന്നത് പി.എസ്.സി. ക്ക് വന്ന ഗുരുതര വീഴ്ചയാണ്. നോട്ടിഫിക്കേഷനില്‍ തന്നെ പറയുന്ന മറ്റൊരു കാര്യമാണ് രണ്ടു പോസ്റ്റ് ഒഴിവ് വന്നാല്‍ ഒരു പോസ്റ്റ് സൊസൈറ്റി വിഭാഗത്തിനും ഒരു പോസ്റ്റ് ജനറല്‍ വിഭാഗത്തില്‍ നിന്നുമായിരിക്കുമെന്ന്. ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 15 ബുധനാഴ്ചയാണ്. രണ്ടു ദിവസത്തിനകം ഓണ്‍ ലൈന്‍ രജിസ്ട്രേഷനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ബി.കോം. കോ-ഓപറേഷന്കാര്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."