പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിയന്ത്രിക്കാന്‍ പഞ്ചായത്തുകളില്‍ നടപടി തുടങ്ങി
കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍ രൂപപ്പെടുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുദ്ദേശിച്ചുള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കച്ചവടക്കാരുടെ പൂര്‍ണ പിന്തുണയോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
കാവിലുംപാറ,നരിപ്പറ്റ, കായക്കൊടി, കുന്നുമ്മല്‍ പഞ്ചായത്തുകള്‍ ഇതിനകം പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു.
കച്ചടസ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍നിന്നും, മറ്റും ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ആദ്യ ഘട്ടം കര്‍ണാടകയിലെ റീസൈക്ലിങ്ങ് കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് പ്രകാരം 50 മൈക്രോണ്‍വരെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചും 50 മൈക്രോണിന് മുകളിലുള്ളവ കച്ചവടക്കാര്‍ 4000രൂപ പഞ്ചായത്തില്‍ അടച്ച് റജിസ്റ്റര്‍ ചെയ്ത് മാത്രമേ വിതരണം ചെയ്യാവൂവെന്നും കാണിച്ച് പഞ്ചായത്തുകള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കച്ചവടക്കാരുടെ വിപുലമായ യോഗങ്ങള്‍ വിളിച്ചാണ് പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്.
സമീപ പഞ്ചായത്തുകളിലെല്ലാം കാര്യക്ഷമമായി പദ്ധതി നടപ്പാക്കുമ്പോഴും മലയോര മേഖലയുടെ ആസ്ഥാനമായ കുറ്റ്യാടി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാത്തതിനാല്‍ ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റ്യാടി പഞ്ചായത്തിലും നിരോധനം നടപ്പാക്കാന്‍ ശക്തമായ നടപടിയുമായി ഭരണസമിതി രംഗത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."