മുറവിളികള്‍ ചെവിക്കൊള്ളുന്നില്ല; പാലം വീതികൂട്ടി നിര്‍മിക്കാന്‍ നടപടിയില്ല
കമ്മന: കുടിയേറ്റ ഗ്രാമമായ കമ്മനയെ വള്ളിയൂക്കാവുമായി ബന്ധിപ്പിക്കുന്ന പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീതികുറഞ്ഞ പാലത്തിന്റെ ബലക്ഷയം പലകുറി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പുതിയ പാലത്തിന്റെ നിര്‍മാണത്തില്‍ അധികൃതര്‍ താല്‍പ്പര്യം കാട്ടുന്നില്ല.
ഇത് കമ്മന നിവാസികളില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിരിക്കയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴ് പതിറ്റാണ്ട് മുന്‍പ് കുടിയേറിയവരും പിന്മുറക്കാരുമാണ് കമ്മനയിലെ താമസക്കാരില്‍ ഏറെയും. ഗ്രാമത്തില്‍നിന്നു മാനന്തവാടിയിലേക്ക് ഏറെ ദുരമില്ല. വിളിപ്പാട് അകലം മാത്രമാണ് ചരിത്രപ്രസിദ്ധമായ വള്ളിയൂര്‍ക്കാവിലേക്ക്. പക്ഷേ, ഗ്രാമത്തില്‍നിന്നു വള്ളിയൂര്‍ക്കാവുവരെ എത്തുകയെന്നത് സാഹസമാണ്. ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാനുള്ള വീതിയാണ് പാലത്തിന്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ പാലത്തിന്റെ അരികുകളിലെ ബോക്‌സുകളിലേക്ക് മാറണം. കാലപ്പഴക്കത്തില്‍ പൊട്ടിപ്പൊളിഞ്ഞ ബോക്‌സുകള്‍ ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ പാലം ഇളകുന്നുമുണ്ട്. തെരഞ്ഞെടുപ്പുകാലങ്ങളില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കമ്മനക്കാര്‍ക്കുമുന്നില്‍ വച്ചുനീട്ടുന്ന വാഗ്ദാനങ്ങളില്‍ ഒന്നാണ് പുതിയ പാലം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയക്കാര്‍ വാഗ്ദാനം മറക്കുന്നു. പാലത്തിനുവേണ്ടി കമ്മന നിവാസികള്‍ ഇതിനകം നടത്തിയ സമരങ്ങള്‍ക്കും നല്‍കിയ നിവേദനങ്ങള്‍ക്കും അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ കഴിഞ്ഞില്ല. മുന്‍പ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം വരെ ഗ്രാമീണര്‍ നടത്തിയതാണ്. പാലം വീതികൂട്ടി പുതുക്കിപ്പണിയുന്നത് കമ്മനക്കാര്‍ക്കുമാത്രമല്ല, വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും പ്രയോജനം ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."