പൊതുവിദ്യാലയങ്ങളില്‍ ഇനി പണപ്പിരിവില്ല
ചെറുവത്തൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇനി മുതല്‍ കുട്ടികളില്‍ നിന്നു പണപ്പിരിവു വേണ്ടെന്നു നിര്‍ദേശം. ഒന്നാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പണപ്പിരിവ് പാടില്ല എന്ന നിര്‍ദേശം നേരത്തെ നിലവിലുണ്ട്. പുതിയ ഉത്തരവുപ്രകാരം ഒന്‍പത്, പത്ത് ക്ലാസുകളിലും പണപ്പിരിവ് പാടില്ല. വിദ്യാഭ്യാസവകുപ്പ് നിഷ്‌കര്‍ഷിക്കാത്തതോ, മുന്‍കൂര്‍ അനുമതി വാങ്ങാത്തതോ ആയ യാതൊരു വിധത്തിലുള്ള പണപ്പിരിവും നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടിയുടെ മൗലിക അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും, ബാലാവകാശ കമ്മിഷന്‍ നിര്‍ദേശ പ്രകാരവും ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളില്‍ നിന്നും യാതൊരുവിധ ഫീസോ, പിരിവുകളോ നടത്തരുതെന്ന് നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്.
എന്നാല്‍ ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളില്‍ നിന്നും കംപ്യൂട്ടര്‍ പഠനം ഉള്‍പ്പെടെ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി പണപ്പിരിവ് നടക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
ഇതേതുടര്‍ന്നാണ് ഹൈസ്‌കൂള്‍ തലത്തില്‍ പൂര്‍ണമായും പണപ്പിരിവ് നിരോധിച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."