ഉപഭോക്താക്കളെ പിഴിഞ്ഞ് ഇറച്ചിക്കോഴി വിപണി
പനമരം: മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ജില്ലയിലെ ഇറച്ചിക്കോഴി വിപണിയില്‍ ഉപഭോക്താക്കള്‍ ചൂഷണത്തിനിരയാകുന്നു. നിലവില്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഇറച്ചിക്കോഴി ഉള്‍പ്പെടെ വന്‍ വിലക്കാണ് കടകളില്‍ വില്‍പന നടത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി 160 രൂപക്ക് മുകളിലാണ് കോഴിയിറച്ചി വില. എന്നാല്‍ ജില്ലയില്‍ തന്നെയുള്ള കോഴിഫാമുകളില്‍ നിന്ന് 60 രൂപക്കാണ് കടകളിലേക്ക് കോഴികളെ എത്തിക്കുന്നത്. അമിത വില ഈടാക്കുന്നുണ്ടെങ്കിലും കോഴി ഫാം നടത്തുന്ന കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
നിലവില്‍ പനമരം-കമ്പളക്കാട് 160, മീനങ്ങാടി-കല്ലൂര്‍ 170, സുല്‍ത്താന്‍ ബത്തേരി-കേണിച്ചിറ-കല്‍പ്പറ്റ 180 എന്നിങ്ങനെയാണ് ജില്ലയിലെ കോഴിക്കടകളില്‍ ഈടാക്കുന്ന വില. 60 മുതല്‍ 70 രൂപക്ക് ജില്ലയുടെ കോഴിഫാമുകളില്‍ നിന്നുള്‍പ്പെടെ ഇറക്കിയ കോഴിക്കാണ് അമിത വില ഈടാക്കുന്നത്. ഫാമുകളില്‍ നിന്ന് 60 രൂപ കണക്കാക്കി വാങ്ങുന്ന കോഴി 100 മുതല്‍ 120 രൂപക്ക് ഇറച്ചി വില്‍പന നടത്തിയാലും കച്ചവടക്കാര്‍ക്ക് ന്യായമായ ലാഭം കിട്ടും. എന്നാല്‍ 160 മുതല്‍ 190 രൂപക്ക് വരെ വില്‍പന നടത്തി അമിതലാഭമാണ് ഇവര്‍ ഉണ്ടാക്കുന്നത്.
ഒരു കിലോക്ക് 80 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ ഉല്‍പാദന ചെലവെങ്കിലും തങ്ങള്‍ക്ക് ലഭിക്കുകയുള്ളുവെന്ന് ഫാം ഉടമകള്‍ പറയുന്നു. വില്‍പന കുറവാണെന്ന് പറഞ്ഞാണ് കോഴിക്കടക്കാര്‍ ഫാമുകളില്‍ നിന്ന് കുറഞ്ഞ വിലക്ക് കോഴി വാങ്ങുന്നത്. എന്നാല്‍ കോഴിക്കടകളിലെ അമിത വിലയാണ് വില്‍പന കുറവിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ജില്ലയില്‍ നൂറിലേറെ ചെറുതും വലുതുമായ കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസം മുന്‍പ് വരെ ദിവസവും ലോഡ് കയറ്റി പോയിരുന്ന കോഴി നിലവില്‍ ആഴ്ചയില്‍ ഒരു ലോഡ് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇത് ഫാം നടത്തിപ്പുകാരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ ചൂട് കൂടി വെള്ളമില്ലാത്ത അവസ്ഥ വന്നതോടെ അവിടെ നിന്നുള്ള കോഴി വരവും കുറഞ്ഞു. ഇതാണ് ജില്ലയിലെ ഫാമുകളില്‍ നിന്ന് കോഴി വാങ്ങാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായത്.
മുന്‍പ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടാക്‌സ് വെട്ടിച്ച് ലോഡുകണക്കിന് കോഴി ജില്ലയിലെത്തിയിരുന്നു. ഇതും കോഴിഫാം ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ജില്ലയില്‍ ഫാം ഉടമകള്‍ക്ക് സംഘടനയുണ്ടെങ്കിലും അഭിപ്രായ ഐക്യമില്ലാത്തതും ഇവരുടെ പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."