രണ്ടാംദിനം പണിമുടക്ക് ഭാഗികം
കണ്ണൂര്‍: സംയുക്ത ട്രേഡ് യൂനിയന്‍ നടത്തിയ 48 മണിക്കൂര്‍ ദേശീയപണിമുടക്ക് രണ്ടാംദിനം ജില്ലയില്‍ ഭാഗികം. നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ കടകള്‍ തുറന്നു. വൈകിട്ടോടെ നഗരങ്ങളിലെയും മിക്ക കടകളും തുറന്നു. സ്വകാര്യവാഹനങ്ങളടക്കം പതിവുപോലെ നിരത്തിലിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും തുടര്‍ച്ചയായ രണ്ടാംദിനവും നിശ്ചലമായി. കെ.എസ്.ആര്‍.ടി.സിയടക്കം സ്വകാര്യ ബസുകള്‍ ജില്ലയില്‍ സര്‍വിസ് നടത്തിയില്ല. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറിങ്ങിയ യാത്രക്കാരുമായി ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തി. പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ജില്ലയില്‍ ഇന്നലെയും നാലിടത്ത് ട്രെയിന്‍ തടഞ്ഞതോടെ റെയില്‍ ഗതാഗതം താറുമാറായി. കണ്ണപുരത്തു രാവിലെ ചെന്നൈ-മംഗളൂരു ട്രെയിന്‍ പിടിച്ചിട്ടു. നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തതോടെ മറ്റുട്രെയിനുകളും വൈകിയോടേണ്ടി വന്നു. കണ്ണൂരിലും ഇതേ ട്രെയിന്‍ 30 മിനിറ്റോളം തടഞ്ഞിട്ടതോടെ ഈ ട്രെയിന്‍ ഗതാഗതം താളംതെറ്റി. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ രാവിലെ 9.45ഓടെ സമരാനുകൂലികള്‍ തടഞ്ഞത്. 20 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
പയ്യന്നൂരില്‍ തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസാണ് ഇന്നലെ രാവിലെ 8.45ഓടെ തടഞ്ഞത്. ഒരുമണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു. അതേസമയം ട്രെയിന്‍ തടയുന്നതിനിടെ സമരക്കാരും ശബരിമല ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പൊലിസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കിയത്. ട്രെയിന്‍ തടഞ്ഞതിനു 200പേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."