ജാമിഅയുടെ വൈജ്ഞാനിക മികവ് തൊട്ടറിഞ്ഞു ബിഹാര്‍ പ്രതിനിധി സംഘം
ഫൈസാബാദ്: വൈജ്ഞാനിക സാമൂഹ്യ പുരോഗതിക്കായി കേരളീയ മാതൃക പഠിക്കാന്‍ ബിഹാര്‍ എം.എല്‍.എയും സംഘവും ജാമിഅ നൂരിയ്യയിലെത്തി. ബിഹാര്‍ എം.എല്‍.എ മാസ്റ്റര്‍ മുജാഹിദ് ആലം, കിഷന്‍ഗെഞ്ച് ജില്ലാ പഞ്ചായത്ത് അംഗം സിക്കന്ദര്‍ ഹയാത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്‌സാര്‍ ആലം സിദ്ദീഖി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജാമിഅ നൂരിയ്യ സന്ദര്‍ശിച്ചത്.
ജാമിഅ പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ജാമിഅ നൂരിയ്യയുടെ കീഴിലുള്ള വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം ഇന്നലെ സമ്മേളന നഗരിയില്‍ നടന്ന ദര്‍സ് വിദ്യാര്‍ഥി സമ്മേളനത്തിലും പങ്കെടുത്തു.
കേരളത്തിലെ വൈജ്ഞാനിക പുരോഗതിക്കും സാമൂഹ്യ നിര്‍മിതിക്കും ഉലമാക്കളും ഉമറാക്കളും ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും ജാമിഅ നൂരിയ്യ പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും മുജാഹിദ് ആലം എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിതര മേഖലയില്‍ കൂട്ടായ്മയിലൂടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കു വലിയ പങ്കു വഹിച്ചതായി അവര്‍ വിലയിരുത്തി. സമസ്തയുടെ കീഴിലുള്ള മദ്‌റസാ പ്രവര്‍ത്തനം, എം.ഇ.എ എന്‍ജിനീയറിങ് കോളജ്, അല്‍ബിര്‍റ് പ്രീസ്‌കൂള്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി നിരവധി സംരംഭങ്ങളെയും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് മാതൃകയായ വിജയഭേരി പദ്ധതിയെയും കുറിച്ച് സംഘം പഠനം നടത്തി.
ബിഹാറില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാഷനല്‍ പ്രൊജക്ടിന്റെ ഭാഗമായി നടക്കുന്ന മാതൃകാ വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ടു കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതാണ് സംഘം. ഹാദിയയും കിഷന്‍ഗെഞ്ച് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ബിഹാറില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, സഈദ് ഹുദവി ആനക്കര, സുബൈര്‍ പെരിങ്ങോട്ടുകര എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."