തിരിച്ചറിയല്‍ കാര്‍ഡ്
എഴുതൂ...
ഞാന്‍ ഒരു അറബ് വംശജന്‍
അന്‍പതിനായിരം എന്റെ തിരിച്ചറിയല്‍ നമ്പര്‍
കുട്ടികള്‍ എട്ട്
ഒന്‍പതാമത്തേത് ഈ വേനലും കഴിഞ്ഞെത്തുമെന്ന്
പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ ദേഷ്യപ്പെടുമോ?
എഴുതൂ...
ഞാന്‍ ഒരു അറബ് വംശജന്‍
കൂട്ടാളികളോടൊപ്പം
ഒരു കരിങ്കല്‍ മടയില്‍ പണിയെടുക്കുന്നു.
എനിക്ക് കുട്ടികള്‍ എട്ട്
ഞാനവര്‍ക്കായ് ഭക്ഷണവും വസ്ത്രവും പുസ്തകവും
ഈ കരിങ്കല്ലില്‍ നിന്നു പൊട്ടിച്ചെടുക്കുന്നു.
ഞാന്‍ നിങ്ങളുടെ വാതുക്കല്‍ ഭിക്ഷയിരക്കുന്നില്ല.
നിങ്ങളുടെ അറയുടെ വാതില്‍പ്പടിയിലേക്ക് ചുരുങ്ങുന്നതുമില്ല.
അതുകൊണ്ട് നിങ്ങള്‍ ദേഷ്യപ്പെടുമോ?
എഴുതൂ...
ഞാന്‍ പേരില്‍ തലക്കെട്ടില്ലാത്ത ഒരു അറബി
ക്രുദ്ധരായ ജനങ്ങളുള്ള ഒരു രാജ്യത്ത് ക്ഷമാശീലനായവന്‍.
എന്റെ വേരുകള്‍
യുഗങ്ങളുടെയും സമയത്തിന്റെയും പിറവിക്ക് മുന്‍പേ
പൈന്‍ മരങ്ങള്‍ക്കും ഒലിവ് മരങ്ങള്‍ക്കും മുന്‍പേ
പുല്‍ നാമ്പുകള്‍ തളിരിടുന്നതിനും മുന്‍പേ
ഈ മണ്ണിന്റെ മാറിലേക്ക് പടര്‍ന്നു പന്തലിച്ചിരുന്നു.
എന്റെ അച്ഛന്‍
ഒട്ടും ആഢ്യത്വമില്ലാത്ത ഒരു വര്‍ഗത്തിലെ അംഗം
കലപ്പകളുള്ള കുടുംബത്തിലെ പിന്‍തുടര്‍ച്ചക്കാരന്‍...
എന്റെ മുത്തച്ഛനാകട്ടേ, ഒരു കര്‍ഷകനും.
നന്നായി ജനിക്കാതെയും നന്നായി ഭക്ഷിക്കാതെയും ജീവിച്ചവര്‍
എഴുത്തും വായനയും പഠിപ്പിക്കുന്നതിനു മുന്‍പേ
എന്നെ സൂര്യതേജസിന്റെ അഭിമാനത്തെപ്പറ്റി പഠിപ്പിച്ചവര്‍!!!
എന്റെ വീട്
ഒരു കാവല്‍ക്കാരന്റെ കാവല്‍മാടം പോലെ
മരച്ചില്ലകളും ചൂരല്‍കഷണങ്ങളും കൊണ്ട് ഉണ്ടാക്കിയത്.
നിങ്ങള്‍ എന്റെ ഈ നിലയില്‍ തൃപ്തരാണോ?
എഴുതൂ...
ഞാന്‍ പേരില്‍ തലക്കെട്ടില്ലാത്തവന്‍
നിങ്ങള്‍ എന്റെ മുന്‍ഗാമികളുടെ തോട്ടങ്ങള്‍ മോഷ്ടിച്ചു.
എന്റെ കുട്ടികള്‍ക്കൊപ്പം കൃഷി ചെയ്തിരുന്ന ഭൂമിയും.
ഞങ്ങള്‍ക്കായി ഈ കല്ലും മണ്ണുമൊഴികെ മറ്റൊന്നും ബാക്കിവയ്ക്കാതെ...
പറഞ്ഞുകേട്ടതുപോലെ, ഉള്ളതും കൂടി ഇനിയുമവര്‍ കവര്‍ന്നെടുക്കുമോ?
അതുകൊണ്ട്
ആദ്യപേജില്‍ ഏറ്റവും മുകളില്‍ തന്നെയായി ഇതു രേഖപ്പെടുത്തുക...
ഞാന്‍ ആരെയും വെറുക്കുന്നില്ല;
ഞാന്‍ ആരിലേക്കും അതിക്രമിച്ച് കയറാറുമില്ല...
പക്ഷെ എനിക്ക് വിശന്നാല്‍
എനിക്കുള്ളതെല്ലാം നിഷേധിച്ചവര്‍ എന്റെ ഭക്ഷണമാകും
സൂക്ഷിക്കുക...
സൂക്ഷിക്കുക...
എന്റെ വിശപ്പിനെയും
എന്റെ ക്രോധത്തെയും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."