മുറികളില്‍ വിളക്ക് കത്തിച്ചു വയ്ക്കുന്ന രാത്രികള്‍
ബറാഅത്തിന് ശേഷം വീട്ടിലെ ഉമ്മാമമാരുടെ നനച്ചുകുളി കണ്ടാണ് നോമ്പിന്റെ വരവ് ചെറുപ്രായത്തില്‍ അറിഞ്ഞത്. അരിപ്പൊടിയും മുളക്‌പൊടിയും മസാലപ്പൊടികളും പൊടിച്ച് സൂക്ഷിച്ച് വയ്ക്കാനും പുരപ്പുറവും അട്ടവും ഇടവഴിയും വൃത്തിയാക്കി വയ്ക്കാനുമുള്ള വീട്ടുകാരുടെ തത്രപ്പാട്, നാട്ടിന്‍പുറത്തെ വീടുകളിലെ ഓലമേയല്‍, ജുമുഅത്ത് പള്ളിയുടെ ഒരുക്കൂട്ടല്‍...എല്ലാത്തിനും നോമ്പിന്റെ വരവറിയിക്കുന്ന ആവേശമാണ്. പള്ളികള്‍ അടിച്ച് തുടയ്ക്കാനും പള്ളിയിലെ പഴയ അഞ്ചാം നമ്പര്‍ വിളക്കും പാനീസുകളും ജുമുഅത്ത് പള്ളിയിലെ അത്താഴം കൊട്ടിയറിയിക്കാറുള്ള നഖാരയും പൊടി തട്ടിയെടുക്കാനും തുടച്ച് മിനുക്കാനും പള്ളി ദര്‍സുകളിലെ കുട്ടികള്‍ക്കൊപ്പം ഞാനും പങ്കെടുക്കാറുണ്ട്. അന്നൊക്കെ നോമ്പ് ഒരു വെളിച്ചമുള്ള ദിനമായിരുന്നു. തറവാട്ടിലെ കൊലായിലും അടുക്കളയിലും മാത്രമായിരുന്നു പതിവായി വിളക്കുകള്‍ കത്തിച്ചു വയ്ക്കാറ്. എന്നാല്‍ നോമ്പുകാലത്ത് എല്ലാ മുറികളിലും വിളക്ക് വയ്ക്കും. ഇരുട്ടില്‍ നിന്നു വെളിച്ചം വയ്ക്കുന്ന രാത്രികളായിട്ടാണ് റമദാനെ കണ്ടത്. നോമ്പ് അവസാനമാവുമ്പോഴേക്കും എല്ലാ വീടുകളിലും മണ്ണെണ്ണ വിളക്ക് കത്തിച്ചുവയ്ക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് അന്നൊക്കെ ലൈലത്തുല്‍ ഖദര്‍, വെളിച്ചം വയ്ക്കുന്ന രാത്രികളാണെന്നാണ് ഞങ്ങള്‍ കുട്ടികളുടെ വിചാരം.
ഉമ്മാമാന്റെ സ്‌നേഹത്തണലിലാണ് ഞാന്‍ ആദ്യ നോമ്പെടുത്തത്. ആദ്യമൊക്കെ നോമ്പെടുക്കാന്‍ ഉമ്മാമ സമ്മതിക്കില്ലായിരുന്നു. ചെക്കന്റെ പള്ള കാളും അപ്പം പിന്നെ ചെക്കന്‍ അകത്തും പുറത്തും ഓടിനടന്ന് അമ്മികുമ്മായം മറിച്ചാലോ എന്നാണ് ഉമ്മാമാന്റെ ആശങ്ക. എന്നാല്‍ നോമ്പ് നോല്‍ക്കണമെന്ന് ഞാന്‍ വാശിപിടിച്ചപ്പോള്‍ ഉമ്മാമ സമ്മതം മൂളി. മുത്താഴത്തിന് ജീരകക്കഞ്ഞിയും കുടിപ്പിച്ച് ഉമ്മാമ നിയ്യത്ത് ചൊല്ലിത്തന്നു. പിന്നെ പശുവിന്‍നെയ്യും ചെറിയുള്ളിയുമിട്ടു തൂമിച്ച നെയ്പിടിയും ചായയും ഞാലിപ്പൂവനും കൊണ്ട് ഉമ്മാമ എന്നെ അത്താഴമൂട്ടി. ചെറിയ പള്ളിയിലെ ളുഹര്‍ ബാങ്ക് വിളിക്കുന്നത് പോലും കേള്‍ക്കാന്‍ കഴിയാതെ ദാഹവും വയറ്റില്‍ പുകച്ചിലും. എന്റെ കണ്ണും മീടും കണ്ടിട്ട് ഉമ്മാമ ചായയും തലേ ദിവസത്തെ ചോറും തന്നു. അങ്ങനെ എന്റെ ആദ്യത്തെ നോമ്പ് അര നോമ്പായി ഉമ്മാമാന്റെ കണക്കില്‍ എണ്ണമിട്ടു.
ഇങ്ങനെ പിന്നെയും ഒരു ദിവസം നോമ്പ് നോറ്റു. അപ്പോള്‍ രണ്ട് അര നോമ്പായാല്‍ ഒരു നോമ്പാകുമല്ലോ..! നോമ്പു എടുക്കാത്ത ദിവസം അത്താഴത്തിലെ ബാക്കി വരുന്ന ചോറും മീന്‍കറിയും ഉമ്മാമ എനിക്കായി കരുതി വയ്ക്കും. ചിലപ്പോള്‍ ഉമ്മാമ കുഴച്ചുരുട്ടിത്തരും. അപ്പോള്‍ പിന്നെ അന്നത്തെ ദിവസം കുശാലായി. പിന്നെയൊരു ദിവസം മുഴുവന്‍ നോമ്പും എടുത്തു. അന്ന് ളുഹര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മാമ ചോദിച്ചു, വെള്ളം വേണോന്ന്. അന്ന് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞു. എന്നാല്‍ ഉച്ച താണപ്പോള്‍ വല്ലാത്ത ദാഹവും വയറ്റില്‍ കാളിച്ചയും. ഉമ്മാമാനോട് നോമ്പ് മുറിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ മുക്കാല്‍ നോമ്പ് മുറിച്ചാല്‍ കുറ്റം കിട്ടുമെന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല.
ആരും കാണാതെ കിണര്‍ വക്കിലെത്തി കപ്പിയൊച്ചയില്ലാതെ വെള്ളം കോരി ദാഹം തീര്‍ത്തു. മുഖത്തെ അടയാളം കാണാതിരിക്കാന്‍ പിന്നെ കാലും മുഖവും കഴുകി. ആരും കണ്ടില്ലെന്ന സമാധാനത്തോടെ കോലായിലേക്ക് നടക്കുമ്പോള്‍ ബന്ധുവായ സുലു അബ്ദുല്ലക്കുട്ടി പറഞ്ഞു, കിണറ്റില്‍ നിന്ന് വെള്ളം കോരി നോമ്പ് മുറിച്ചല്ലേ...ഞാന്‍ എല്ലാരോടും പറയും. ഞാനവനോട് ആരോടും പറയരുതെന്ന് കെഞ്ചി. എന്നാല്‍ എനിക്ക് നോമ്പ് തുറയിലെ നിന്റെ കോഴിയട മുഴുവന്‍ തന്നാല്‍ ആരോടും പറയില്ലെന്ന് പറഞ്ഞ് അത് ഒത്തുതീര്‍പ്പാക്കി. ഉമ്മാമാന്റെ കണക്കില്‍ അത് മുഴുനോമ്പ്. എന്നാല്‍ എനിക്കും സുലു അബ്ദുല്ലക്കും അത് മുഴുമിക്കാത്ത നോമ്പും.
ബാങ്കിന് ശേഷം കാരക്കയും വെള്ളവും ചെറുകടികളും ചേര്‍ത്ത ഒന്നാം തുറയിലെ പ്രധാന വിഭവം കോഴിയടയാണ്. മൈദപ്പൊടി കുഴച്ച് നിരത്തി വട്ടത്തില്‍ മുറിച്ച് അതിലേക്ക് കോഴി ഇറച്ചി വേവിച്ച് പിച്ചിയെടുത്ത് മസാല ചേര്‍ത്ത് വയ്ക്കുന്ന ഒരു തരം പലഹാരമാണ് ഇത്. എന്റെ ഓര്‍മയിലെ ഒന്നാം തുറയിലെ രുചിയുള്ള വിഭവമാണിത്. മുട്ടപ്പത്തിരിയും ഒന്നാം തുറയില്‍ ചിലപ്പോള്‍ ഇടം നേടാറുണ്ട്. മഗ്‌രിബിനും ഇശാ നിസ്‌കാരത്തിനുമിടയിലെ രണ്ടാം തുറ അഥവാ വലിയ തുറയിലെ പ്രധാന വിഭവം പച്ചരികൊണ്ടുണ്ടാക്കുന്ന നേരിയ പത്തിരിയും ഇറച്ചിക്കറിയുമാണ്. പച്ചക്കായ പുഴുക്ക് കൂടെയുണ്ടെങ്കില്‍ പിന്നെ അന്നത്തെ രണ്ടാം തുറ ഗംഭീരം. വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ മൊല്ലാക്കാന്റെട്‌ത്തേക്ക് അറുക്കാന്‍ കൊണ്ടുപോവുന്നത് കണ്ടാല്‍ അന്നത്തെ ദിവസം രണ്ടാം തുറ രാജകീയമായിരിക്കും. കോഴിയുള്ള തുറ അന്നത്തെകാലത്ത് പ്രതാപത്തിന്റെ മുദ്രയായിരുന്നു. മാസറയില്‍ വച്ച കോഴി നിറച്ചത് എല്ലാരും കൂടി നാലു ഭാഗത്ത് നിന്നും പിടിച്ചു വലിച്ചാണ് വീതിച്ചെടുത്തിരുന്നത്. കുട്ടികളും മുതിര്‍ന്നവരും മാസറക്ക് ചുറ്റും ഇരുന്ന് കയ്യിട്ട് കഴിക്കുന്നത് ഹൃദയാന്തരങ്ങള്‍ തമ്മിലുള്ള ബന്ധത്തെയായിരുന്നു ഊട്ടിയുറപ്പിച്ചിരുന്നത്. പിന്നെ തറാവീഹ് നിസ്‌കാരത്തിന് ശേഷമുള്ള മുത്താഴത്തിന് ഓരോ കാസയില്‍ നിറച്ച ജീരക കഞ്ഞിയും ചിലപ്പോള്‍ ഗോതമ്പ്കഞ്ഞിയും തരിക്കഞ്ഞിയും എല്ലാവരും കൂടി ഒരുമിച്ചാണ് കുടിക്കാറ്. ഇതിലൂടെ അന്ന് എല്ലാവരും തമ്മില്‍ ഒരു ഉമിനീര്‍ പശിമ ബന്ധം ഉണ്ടായിരുന്നു. ചിലപ്പോള്‍ ചെറുപയറ് പരിപ്പും അരിയും കൊണ്ടുള്ള കിച്ചരിയും ഉണ്ടാകും.
സജീവമായ രാത്രികളാണ് കൊയിലാണ്ടിയിലും പരിസരത്തും ഉണ്ടാകാറ്. അന്നൊക്കെ ഞങ്ങള്‍ കുട്ടികളുടെ ആവേശം റമദാനിലെ രാത്രി വീടിന് പുറത്തിറങ്ങാമെന്നതാണ്. നോമ്പ് തുറന്ന് മഗ്‌രിബ് നിസ്‌കാരത്തിനും പിന്നെ തറാവീഹിനും പുറത്തിറങ്ങാമല്ലോ. തറാവീഹിന്റെ സമയത്താണ് ഞങ്ങളെല്ലാ കൂട്ടുകാരും ഒത്തുചേരുക. അതുകൊണ്ട് തന്നെ തറാവീഹ് 20 റക്അത്ത് പൂര്‍ത്തിയാക്കാതെ ആദ്യത്തെയും അവസാനത്തെയും രണ്ടു റക്അത്ത് നിസ്‌കരിച്ച് തറാവീഹ് കള്ളന്മാരുടെ ഗണത്തില്‍ പെടാറുണ്ട്. ഇതിനിടയിലെ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം കടപ്പുറത്തെ ചീരണിക്കച്ചവടക്കാരെ പൊതിയുകയാണ് പതിവ്. ചിലപ്പോള്‍ 20 റക്അത്ത് തറാവീഹും മുന്നു റക്അത്ത് വിത്‌റും മുഴുമിപ്പിച്ച് നിസ്‌കരിച്ചിട്ടുമുണ്ട്. തറാവീഹിലെ ഓരോ രണ്ടു റക്അത്തിനും ശേഷമുള്ള ദിക്‌റ് ചൊല്ലല്‍ പ്രത്യേകമായ അനുഭവമായിരുന്നു.
നോമ്പിന്റെ അവസാന പത്തില്‍ തറവാട്ടിലെ എല്ലാ പുരുഷന്മാരും പള്ളിയില്‍ 'ഖിയാമുല്ലൈലി'ന് പോവും.
അതുകൊണ്ട് തന്നെ അവസാന പത്തിലെ ഇരുപത്തേഴാം രാവാണ് നോമ്പിന്റെ പ്രധാന ആവേശം. ഇരുപത്തേഴാം രാവില്‍ കൊയിലാണ്ടി പ്രദേശത്ത് ജുമുഅ നടക്കുന്ന പ്രധാനപ്പെട്ട പള്ളികളായ ജുമുഅത്ത് പള്ളിയിലും മുഹ്‌യിദ്ദീന്‍ പള്ളിയിലും തറാവീഹിനു ശേഷം ബദര്‍ മൗലിദും യാസീനോത്തുമുണ്ടാകാറുണ്ടായിരുന്നു. പള്ളി ഖത്തീബിനും മുഅദ്ദിനുമുള്ള വരുമാന മാര്‍ഗം കൂടിയായിരുന്നു അത്. ഓത്തിനു ശേഷം പള്ളിക്കാരണവരുടെ കൈയില്‍ നാലണയും എട്ടണയും മുതിര്‍ന്നവര്‍ വച്ച് കൊടുക്കും. ഓത്ത് കഴിഞ്ഞാല്‍ ചീരണിയായി കറുത്ത ഹലുവയും വെളുത്ത ഹലുവയും പാല്‍വാഴക്കയുമുണ്ടാകും. പാല്‍വാഴക്ക അവിടുന്ന് തന്നെ അകത്താക്കി ഹല്‍വ വീട്ടിലേക്ക് പൊതിഞ്ഞ് കൊണ്ടുപോവും.
ഓത്തിനു ശേഷം ജുമുഅത്ത് പള്ളിയില്‍ 'അരീരം വെതറുക' എന്ന സമ്പ്രദായമുണ്ടായിരുന്നു. അരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ മധുരപലഹാരം വീടുകളില്‍ നിന്നും കൊണ്ട് വരും. ഈ മധുര പലഹാരം കൈയില്‍ കിട്ടിയാല്‍ ഞങ്ങള്‍ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിക്കും.
നോമ്പ് 15 മുതല്‍ അവസാനം വരെ മേത്തലപ്പള്ളിയില്‍ ഓത്തുണ്ടാവാറുണ്ട്. തറവാടിനടുത്തെ പള്ളിയായതിനാല്‍ തന്നെ തറവാട്ടിലെ ഓത്തു പോലെയാണത്. പള്ളിയിലെ അദ്രമാന്‍കുട്ടി മുസ്‌ലിയാരാണ് ഓത്ത് നടത്തിയിരുന്നത്. നാട്ടിലെ പ്രമാണിമാരുടെ വീടുകളില്‍ മുസ്‌ലിയാര്‍ തന്നെ നേരിട്ട് ഓത്തറിയിക്കാന്‍ പോവുമായിരുന്നു. സാധാരണക്കാരുടെ വീടുകളില്‍ നാലോ അഞ്ചോ കുട്ടികളെ പറഞ്ഞയക്കാറാണ് മുസ്‌ലിയാരുടെ പതിവ്. വീടുകളില്‍ നിന്ന് ഓത്തിന് നേര്‍ച്ചയാക്കിയ അരിയും എണ്ണയും ശേഖരിക്കാന്‍ അവരുടെ കൈയില്‍ കുപ്പിയും സഞ്ചിയും ഏല്‍പിക്കാറുമുണ്ട്. 'റഹ്മാന്‍ സ്വല്ലിയാലെ, യാ ലത്വീഫ് സ്വല്ലിയാലെ, യാ റസൂല്‍ സ്വല്ലിയാലെ, അല്ലാഹുവെ അല്ലാഹുവെ, യാ ശഹ്‌റ റമദാന്‍, മീത്തലപ്പള്ളീലെ ഓത്താണെ' എന്നും പാടിയാണ് കുട്ടികള്‍ ഓത്തറിയിക്കാന്‍ വീട്ടിലെത്താറുള്ളത്.
അന്നൊക്കെ ഇരുപത്തിയേഴാം രാവിന് പള്ളി വിട്ട് പോവുമ്പോള്‍ ധനികരായ പ്രമാണികളുടെ വീടിന്റെ പടിപ്പുരയ്ക്കല്‍ നീണ്ട നിരതന്നെ കാണാറുണ്ടായിരുന്നു. സക്കാത്ത് ഇന്നത്തെ പോലെ വ്യവസ്ഥാപിതമായി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പതിവ് അന്നില്ലായിരുന്നുവല്ലോ. ഒന്നിന് 70 കൂലി കിട്ടുന്നതിന് കണക്കാക്കി ധനികര്‍ മൊത്തം പണം മുന്‍കൂട്ടി ചില്ലറത്തുട്ടുകളാക്കി ക്രോഡീകരിച്ച് വയ്ക്കും. അതാണ് അന്നു പടിപ്പുരയ്ക്കല്‍ വിതരണം ചെയ്യാറ്. പെരുന്നാള്‍ രാവില്‍ ഫിത്‌റ് സക്കാത്തിനും ഇങ്ങനെ പതിവുവരി കാണാറുണ്ടായിരുന്നു. 12-ാം വയസുവരെ ഞാന്‍ ഉമ്മാമയുടെ അടുത്തായിരുന്നു. തറവാട്ടില്‍ ഇരുപത്തിയേഴാം രാവിനു ധനികരായ ബന്ധുക്കള്‍ എത്തി കുടുംബാംഗങ്ങള്‍ക്ക് സക്കാത്ത്‌പൈസ കൊടുക്കും. തറവാട്ടിലെ എല്ലാ കുട്ടികള്‍ക്കും കിട്ടുന്നത് പോലെ നാലണ മുതല്‍ എട്ടണ വരെ എനിക്കും കിട്ടാറുണ്ട്. ഇതിന് അടക്കപ്പൈസ എന്നാണ് പറയാറ്. പിന്നെ ഉപ്പയുടെ രണ്ടാമത്തെ ഭാര്യയായ എന്റെ എളേമയുടെ വീട്ടിലേക്ക് മാറിയതു മുതല്‍ എനിക്ക് അവിടെ എണ്ണമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവിടെ വരുന്നവര്‍ എനിക്ക് അടക്കപ്പൈസ തരാറുമില്ല. അത് എനിക്ക് നോമ്പ് കാലത്തെ പ്രധാനപ്പെട്ട വേര്‍തിരിവായി അനുഭവപ്പെട്ടു. എല്ലാ കുട്ടികളുടെ കൈയിലും അടക്കപ്പൈസ കാണുമ്പോള്‍ എനിക്ക് മനോവിഷമം അനുഭവപ്പെട്ടു. എങ്കിലും ഇന്നത്തെക്കാളുപരി പരസ്പര മനുഷ്യ ബന്ധം നിലനിര്‍ത്താന്‍ അന്ന് എല്ലാവരും ശ്രമിച്ചു. എന്റെ കുട്ടികാലത്ത് ഞാന്‍ കണ്ട ദാരിദ്ര്യം ഇന്ന് സമൂഹത്തിലില്ല എന്നു തന്നെ പറയാം.
കൊയിലാണ്ടി എലിമെന്ററി സ്‌കൂളിനും മമ്മു മുസ്‌ലിയാരുടെ ഓത്തുപള്ളിക്കും നോമ്പിന് അവധിയായിരിക്കും. അതാണ് അന്ന് ആകെ നോമ്പിനുള്ള സമാധാനം. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്കൊരു ബുദ്ധിമുട്ടുണ്ട്, അക്ഷരത്തെറ്റില്ലാതെ ഖുര്‍ആന്‍ ഓതല്‍. നോമ്പായാല്‍ ളുഹര്‍ ബാങ്ക് വരെ ഖുര്‍ആന്‍ ഓത്ത് നിര്‍ബന്ധമാണ്. നോമ്പില്ലാതെ ഖുര്‍ആന്‍ ഓതിയെങ്കിലും അല്ലാഹുവിനെ അറിയാലോ എന്ന ആശ്വാസം മാത്രം.
എന്റെ കുട്ടിക്കാലത്ത് അസൗകര്യങ്ങള്‍ക്കു നടുവില്‍ നിന്നു കൊണ്ടുള്ള നോമ്പുകാലമായിരുന്നു. അതിനു പ്രത്യേകമായൊരു ഹൃദയബന്ധവുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു നോമ്പില്‍ കാപട്യത്തിന്റെയും ആത്മാര്‍ഥതയില്ലായ്മയുടെയും അംശങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ടോ എന്നു സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."