'നവമാധ്യമങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകള്‍ക്ക് കേരള പൊലിസ് മികച്ച ഉദാഹരണം'
തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണ് കേരള പൊലിസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലിസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികകാലത്ത് ആരോഗ്യകരവും അനാരോഗ്യകരവുമായ ഇടപെടലുകള്‍ക്ക് നവമാധ്യമങ്ങള്‍ ഉപേയോഗിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യകരമായ ഇടപെടല്‍ കേരള പൊലിസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അര്‍പ്പണബോധത്തോടെ ചുമതലപ്പെട്ടവര്‍ പ്രവര്‍ത്തിച്ചതും ഇതിന് കാരണമായി. സ്തുത്യര്‍ഹമായ കൃത്യനിര്‍വഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പൊലിസ് സേനകളില്‍ മികച്ച സ്ഥാനം കേരള പൊലിസിന് നേടാനായിട്ടുണ്ട്. കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ സംസ്ഥാന പൊലിസ് സേനയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി) ഹെഡ് സത്യ യാദവ് അംഗീകാര പത്രം കൈമാറി. കേരള പൊലിസ് സോഷ്യല്‍ മീഡിയ സെല്‍ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മെമെന്റോ സമ്മാനിച്ചു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ കമല്‍നാഥ്, ബിമല്‍ വി.എസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്തോഷ് പി.എസ്, അരുണ്‍ ബി.ടി എന്നിവര്‍ക്കാണ് മെമെന്റോ നല്‍കിയത്. 'ടേക്ക് കെയര്‍', 'ബിവെയര്‍', 'ശ്രദ്ധ' എന്നീ പേരുകളില്‍ കേരള പൊലിസ് സോഷ്യല്‍ മീഡിയ സെല്ലും കേരള റെയില്‍വേ പൊലിസും നിര്‍മിച്ച റെയില്‍വേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പൊലിസ് അഡൈ്വസര്‍ രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പിമാരായ അനില്‍കാന്ത്, മനോജ് എബ്രഹാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."