ചികിത്സാപദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള ശ്രമം രാഷ്ട്രീയപ്രേരിതം: ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പരിധിയില്ലാത്ത ചികിത്സാപദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള ശ്രമം രാഷ്ട്രീയപ്രേരിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ചികിത്സാപദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനെതിരേ സെക്രട്ടേറിയറ്റ് പടിക്കല്‍ മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ ആരംഭിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍, ഹീമോഫീലിയ, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകമായ അസുഖങ്ങളുടെ ചികിത്സക്കായി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിധിയില്ലാത്ത ചികിത്സാപദ്ധതികള്‍ക്ക് ആവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സൗജന്യ ചികിത്സാപദ്ധതികള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നാണു ധനകാര്യമന്ത്രി പറയുന്നത്.
എന്നാല്‍ നിലവിലെ ചികിത്സാപദ്ധതികള്‍ തുടരുമെന്ന് ആരോഗ്യമന്ത്രിയും പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവണമെന്നും സൗജന്യ ചികിത്സാപദ്ധതികള്‍ നിര്‍ത്തലാക്കുന്നതു സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനഭരണം സ്തംഭനാവസ്ഥയിലാണ്. മാധവറാവു പ്രതിമയെപ്പോലെ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ നിശ്ചലമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, പാലോട് രവി, എം.എ വാഹിദ്, ആര്‍. സെല്‍വരാജ്, എ.ടി ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, ബീമാപള്ളി റഷീദ്, സി.പി ജോണ്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."