അഫ്ഗാനിലെ താലിബാന് മേഖലയില്‍ വിമാനം തകര്‍ന്നുവീണു; യാത്രാ വിമാനമെന്ന് സംശയം, യു.എസ് സൈനിക വിമാനമെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് അധീന മേഖലയില്‍ വിമാനം തകര്‍ന്നുവീണു. എന്നാല്‍ ആരുടെ വിമാനമാണ് തകര്‍ന്നതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു. യു.എസിന്റെ സൈനിക വിമാനം തങ്ങള്‍ തകര്ത്തിട്ടുവെന്നാണ് താലിബാന്റെ അവകാശവാദം. അതേസമയം, അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക യാത്രാ വിമാനമായ ഏരിയാന എയര്‍ലൈന്‍സാണ് തകര്‍ന്നതെന്നും വാര്‍ത്തകളുണ്ട്.
എന്നാല്‍ അഫ്ഗാന് ഔദ്യോഗിക യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന വാര്‍ത്ത ഏരിയാന കമ്പനി സി.ഇ.ഒ മിര്‍വായിസ് മിര്‍സാക്വല്‍ തള്ളി.
അഫ്ഗാനിലെ ഗസ്നി പ്രവിശ്യയില്‍ താലിബാന് നിയന്ത്രണത്തിലുള്ള ഭാഗത്താണ് വിമാനം തകര്‍ന്നു വീണതെന്നാണ് കരുതപ്പെടുന്നത്. ഗസ്നി മേഖലയില്‍ വിമാനം തകര്‍ന്നു വീണിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ഓഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ഗവര്‍ണറുടെ ഓഫിസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ പൈലറ്റിനെ മാത്രമേ തിരിച്ചറിയാന്‍ പറ്റുന്നുള്ളൂവെന്നും കണ്ടിട്ട് അഫ്ഗാന്‍കാരനാണെന്ന് തോന്നുന്നില്ലെന്നും സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."