കുടിവെള്ളത്തിന് മുഖ്യ പരിഗണന: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: മനുഷ്യനും മൃഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും കുടിവെള്ളത്തിനാണു സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കലക്ടറേറ്റില്‍ വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചനം എന്നതു രണ്ടാമത്തെ വിഷയമാണ്. പമ്പുകള്‍, കുളങ്ങള്‍ തുടങ്ങിയ പൊതുജലസേചന മാര്‍ഗങ്ങളിലൂടെയും കിണറുകളിലൂടെയും ധാരാളമായി വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതു നിയന്ത്രിക്കപ്പെടണം. ഗ്രൗണ്ട് വാട്ടര്‍, കെ.എസ്.ഇ.ബി, കൃഷി വകുപ്പ്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍, പൊലിസ്, റവന്യൂ എന്നിവയുടെ കൂട്ടായ പരിശ്രമം വളരെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണം ശക്തമാക്കാനും ജലം ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കാനും റവന്യൂ, പൊലിസ്, തദ്ദേശവിഭാഗങ്ങള്‍ എന്നിവയ്ക്കു മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇതിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.
ഒരു നിയന്ത്രണവുമില്ലാതെ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വരള്‍ച്ച രൂക്ഷമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു യോഗത്തെ അറിയിച്ചു. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ ആവശ്യത്തിനു സജ്ജീകരിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയിലൂടെ കുടിവെള്ളത്തിനു ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ 6,200 രൂപയാണ് റേറ്റ് ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 6,000 രൂപയായിരുന്നു.
ജലക്ഷാമം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എഡി.എം കെ.അംബുജാക്ഷന്‍, ആര്‍.ഡി.ഒ. പി.കെ.ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."