റേഡിയേഷന് സേഫ്റ്റി ഓഫിസറെ നിയമിച്ചു
വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ അര്‍ബുധ രോഗവിഭാഗത്തില്‍ നൂറു കണക്കിനു നിര്‍ധന രോഗികള്‍ റേഡിയേഷന് ചികിത്സ ലഭിയ്ക്കാതെ അനുഭവിച്ചിരുന്ന കൊടിയ പ്രതിസന്ധിയ്ക്കു പരിഹാരം.
മൂന്നു മാസത്തെ അധികൃത അനാസ്ഥയ്ക്കു ശേഷം ഒടുവില്‍ സേഫ്റ്റി ഓഫിസറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ് അറിയിച്ചു.
2018 നവംബര്‍ 17ന് നിലവിലുണ്ടായിരുന്ന സേഫ്റ്റി ഓഫിസര്‍ രാജിവച്ച ഒഴിവില്‍ പകരം ആള്‍ക്കു നിയമനം നല്കാത്തതുമൂലം പാവപ്പെട്ട അര്‍ബുദ രോഗികള്‍ റേഡിയേഷന് ചികിത്സ ലഭിക്കാതെ ദുരിതത്തിലായിരുന്നു.
ആരോഗ്യ വകുപ്പും മെഡിക്കല്‍ കോളജ് അധികാരികളും ജില്ലയിലെ മന്ത്രിമാരും അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കാത്തതിനാല്‍ ഡി.സി.സി വൈസ് പ്രസിഡന്റും മെഡിക്കല്‍ കോളജ് വികസന സമിതി അംഗവുമായ രാജേന്ദ്രന് അരങ്ങത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരമായി സമരം നടത്തിയിരുന്നു. സമരങ്ങളുടെയും പത്ര വാര്‍ത്തകളുടേയും അടിസ്ഥാനത്തിലാണ് ഒടുവില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ഉടന്‍ തന്നെ റേഡിയേഷന് ചികിത്സ പുനരാരംഭിയ്ക്കുമെന്നു അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."