HOME
DETAILS
MAL
മംഗളൂരു വിമാനത്താവളത്തിലെ ബോംബ്, സൈബര്‍ സെല്‍ തെളിവ് ശേഖരിക്കുന്നു
backup
January 28 2020 | 05:01 AM
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച കേസില്‍ പൊലിസ് സൈബര്‍സെല്‍ വഴി അന്വേഷണം നടത്തി വരുന്നതായി മംഗളൂരു പൊലിസ് കമ്മിഷണര്‍. യുട്യൂബ് വഴി ബോംബുണ്ടാക്കാന്‍ പഠിച്ചുവെന്നും സ്‌ഫോടന വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ശേഖരിച്ചതാണെന്നും പ്രതി ആദിത്യ റാവു മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇത്. ഇയാളുടെ ഇമെയിലില്‍ നിന്നും മറ്റും പുറത്തേക്കുപോയ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് സൈബര്‍സെല്‍ സഹായത്തോടെ പരിശോധിക്കുന്നതെന്നാണ് വിവരം. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റാവു അയച്ച ഇമെയിലുകളെക്കുറിച്ച് സൈബര്‍ ബ്രാഞ്ച് പൊലിസ് വിശദമായ അന്വേഷണം നടത്തുന്നത്.
മംഗളൂരു ബല്‍മട്ടയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ ആദിത്യ റാവു ഇന്റര്‍നെറ്റ് വഴി ബോംബ് എങ്ങനെ നിര്‍മിക്കാമെന്ന് പഠിച്ചിരുന്നു. അതേസമയം ചില നിക്ഷിപ്ത താത്പര്യക്കാര്‍ വ്യാജവും അടിസ്ഥാനരഹിതവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ആരാണ് ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നത് പരിഗണിക്കാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതിയെ കഴിഞ്ഞദിവസം പൊലിസ് തെളിവെടുപ്പിന് കൊണ്ടുപോയില്ല. വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കൊണ്ടുവച്ച ശേഷം മല്‍പെയില്‍ നിന്ന് വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൗണ്ടറില്‍ വ്യാജബോംബ് ഭീഷണി കോള്‍ ചെയ്തശേഷം മൊബൈല്‍ സിം കാര്‍ഡ് ഉപേക്ഷിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ അന്വേഷണത്തിനിടയില്‍ പ്രതിയുടെ ബാങ്ക് ലോക്കറില്‍ നിന്നും സയനൈഡ് ശേഖരം പൊലിസ് കണ്ടെത്തി. കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ശാഖയിലെ ലോക്കറിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ വസ്തു സയനൈഡാണെന്നു സ്ഥിരീകരിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."