പതിമൂന്നാം വയസില്‍ ഗ്രീഷ്മയുടെ ശിഷ്യര്‍ അമ്പതുകാരികള്‍ വരെ
കൊളത്തൂര്‍: അഞ്ചു വയസുകാരികള്‍ മുതല്‍ 50 വയസുവരെയുള്ളവര്‍... ഗ്രീഷ്മയെന്ന 13കാരിക്കു ശിഷ്യരേറെയാണ്. കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു, യോഗ മുതലായവ വ്യത്യസ്തമായ ആയോധനകലകളിലാണു ഗ്രീഷ്മയെന്ന കുട്ടി അധ്യാപിക തിളങ്ങുന്നത്.
പുലാമന്തോള്‍ സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ഐ.ഡി.കെ എന്ന സ്ഥാപനത്തിലാണു ഈ കുരുന്നു പ്രതിഭയുടെ കായികാഭ്യാസം. ഏഴാം വയസിലാണ് ഗ്രീഷ്മ കരാട്ടെ പഠിക്കണമെന്ന ആവശ്യവുമായി പുലാമന്തോള്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഐ.ഡി.കെ എന്ന സ്ഥാപനത്തില്‍ ചേര്‍ന്നത്. നൃത്തം നന്നായി അഭ്യസിച്ച ഗ്രീഷ്മ പിന്നീടു പൂര്‍ണമായും ആയോധന കലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പുലാമന്തോള്‍ ജി.എച്ച്.എസ്. സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയായ ഗ്രീഷ്മ. 8-ാം ക്ലാസില്‍ നിന്നു തന്നെ കരാട്ടെയിലും കുങ്ഫുയിലേയും മാസ്റ്റര്‍ ഡിഗ്രിയായ ബ്ലാക്ക് ബെല്‍റ്റ് നേടുകയും കളരിപ്പയറ്റിലെ അടവുകളെല്ലാം സ്വായത്തമാക്കുകയും മാര്‍ഷല്‍ ആര്‍ട്‌സുകളായ കൂബ് ഡോയിലും വുഷുവിലും തന്റെ കഴിവു തെളിയിക്കുയും ചെയ്തു.ഇക്കഴിഞ്ഞ 15-ാം വുഷു ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡല്‍ നേടുകയും തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന നാഷനല്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പെണ്‍കുട്ടിയായതുകൊണ്ടു ബന്ധുക്കളില്‍ നിന്നെല്ലാം എതിര്‍പ്പുണ്ടായെങ്കിലും അച്ഛന്‍ ഗോപിനാഥിന്റെ ആയോധനകലകളോടുള്ള അമിതസ്‌നേഹവും അമ്മ ശ്രീജയുടേയും ചേച്ചി ഗ്രീഷ്മയുടേയും പൂര്‍ണ പിന്തുണയും കൂടിയായപ്പോള്‍ മറ്റു എതിര്‍പ്പുകളെല്ലാം അവഗണിച്ചു ഗ്രീഷ്മ സംസ്ഥാനത്തിനകത്തും പുറത്തും പല വേദികളിലായി വ്യത്യസ്ഥ ആയോധന കലകളിലുള്ള തന്റെ കഴിവു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളമായി പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയും, ആര്‍.എം.എസ്.എ പദ്ധതിയുടെ ഭാഗമായും ജി.എച്ച്.എസ്.എസ് പുലാമന്തോളിലെ ഒരു സംഘം പെണ്‍കുട്ടികള്‍ക്കു കരാട്ടെ പരിശീലനത്തിന് ഗ്രീഷ്മ നേതൃത്വം നല്‍കുന്നുണ്ട്. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നടന്ന സംസ്ഥാന കലോത്സവങ്ങളിലെല്ലാം ഘോഷയാത്രകളില്‍ ഗ്രീഷ്മ അടങ്ങുന്ന സംഘം വ്യത്യസ്ഥമായ രീതിയിലുള്ള കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു, കുബ്‌ഡോ പോലുള്ള അയോധന കലകള്‍ പ്രദര്‍ശിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
പഞ്ചായത്തിന്റെയും മറ്റു സ്ഥാപനങ്ങളുടേയും സഹകരണമുണ്ടെങ്കില്‍ പഞ്ചായത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി പരിശീലനം നല്‍കാന്‍ ഗ്രീഷ്മ തയ്യാറാണ്. ഗ്രാന്റ് മാസ്റ്റര്‍ ഹാജി ജമാല്‍ കുരുക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ഐ.ടി.കെ യിലെ മുഹമ്മദലിയുടേയും ഭാര്യ സാജിത മുഹമ്മദലിയുടേയും നേതൃത്വത്തിലാണ് ഗ്രീഷ്മ അഭ്യാസങ്ങളെല്ലാം പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."