നിറച്ചാര്‍ത്തിന് തുടക്കമായി
വടക്കാഞ്ചേരി: നിറച്ചാര്‍ത്ത് ദേശീയ ചിത്രരചനാ ക്യാംപ് അഞ്ചാം പതിപ്പിനു പ്രൗഢഗംഭീര തുടക്കം. എങ്കക്കാട് നിദര്‍ശനയില്‍ നടന്ന ചടങ്ങില്‍ സിനിമാസംവിധായകന്‍ ഷാജിഎന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ മുന്നിലോട്ട് ദൃഷ്ടി പായിച്ച് സങ്കടകരവും സന്തോഷകരവുമായ മുന്നറിയിപ്പുകള്‍ സമൂഹത്തിനു നല്‍കുകയും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്യുകയെന്ന കടമയാണ് കലാകാരന്മാര്‍ക്കുള്ളതെന്ന് ഷാജി. എന്‍. കരുണ്‍ പറഞ്ഞു.
കവിതകള്‍ ഭാഷയെ അടയാളപ്പെടുത്തുന്നതും നിലനിര്‍ത്തുന്നതും പോലെ ചിത്രങ്ങളിലൂടെയാണ് സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തല്‍ സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള ചിത്ര രചനാ ലോകത്തിനു പിന്നില്‍ ഏറെ കാലം സഞ്ചരിച്ചിരുന്ന ഇന്ത്യന്‍ ചിത്രകലാരംഗം ഇയിടെയായി സ്വന്തമായ സംഭാവനകളുമായി ഏറെ മുന്നോട്ടു പോയിരിക്കുന്നുവെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ചിത്രകലാകാരന്‍അക്കിത്തം നാരായണന്‍ പറഞ്ഞു.
നിറച്ചാര്‍ത്ത് പോലുള്ള ഗ്രാമ കേന്ദ്രീകൃത സംരംഭങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തണമെന്നും അടുത്ത വര്‍ഷവുംനിറച്ചാര്‍ത്ത് ക്യാംപില്‍ പങ്കെടുത്ത് വരക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സമൂഹത്തില്‍ ശാന്തിയും സമാധാനവും ഉറപ്പു വരുത്തുകയെന്ന പ്രധാന ദൗത്യം കലയിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കലാചരിത്രകാരന്‍ വിജയകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.
നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ വി.പി മധു, ചിത്രകാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സതീഷ്‌കുമാര്‍ സ്വാഗതവും ഷീബസുരേഷ് നന്ദിയും പറഞ്ഞു.
മുംബൈ ആസ്ഥാനമാക്കി ചിത്രരചന നടത്തുന്ന പുതു തലമുറയിലെ ശ്രദ്ധേയനായ ചിത്രകാരന്‍ എസ്.എന്‍ സുജിത്, മ്യൂറല്‍ ചിത്രകാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ എന്നിവരാണ് ക്യാംപ് ക്യൂറേറ്റ് ചെയ്യുന്നത്. കേരളത്തിനു പുറത്തു നിന്നുള്ള ഏഴ് കലാകാരന്മാരുള്‍പ്പെടെ 20ല്‍പ്പരം ചിത്രകാരന്മാര്‍ അഞ്ചു ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ എങ്കക്കാട് നിദര്‍ശനയിലും സമീപ പ്രദേശങ്ങളിലുമാണ് ക്യാംപ് ഒരുക്കിയിട്ടുള്ളത്.
അബുല്‍ ഹിഷാം, അനുപമ ഏലിയാസ്, ബ്രിഗുശര്‍മ, സി. ഭാഗ്യനാഥ്, ജ്യോതിരാജ് മായമ്പിള്ളി, മഹേഷ് ബാലിഗ, മിനാല്‍ ദമിനി, പ്രജക്ത പലവ്, റിയാസ് സമധാന്‍, റൂമി സമധാന്‍, സബിന്‍മുടപ്പതി, ഷിനോജ് ചോരന്‍, സ്‌നേഹ് മെഹ്‌റ, ഡി. സുനോജ് , സുരേഷ് പണിക്കര്‍, ഉജ്വല്‍ കെ.സി, വാണി എന്‍.എം, വിനോദ് കൊച്ചുട്ടി, വി. വിജില്‍ എന്നീ ലോകപ്രശസ്ത ചിത്രകലാ കാരന്മാരുംസമീപ പ്രദേശങ്ങളിലെ മറ്റനേകം ചിത്രകാരന്മാരും ക്യാംപില്‍ വരക്കുന്നുണ്ട്.
13നാണ് ക്യാംപ് സമാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."