പക്രന്തളം-നിരവില്‍പുഴ റോഡ് പ്രവൃത്തിയിലെ കാലതാമസം; സമരം ശക്തമാക്കാനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി
മാനന്തവാടി: പക്രന്തളം-നിരവില്‍പുഴ-മാനന്തവാടി റോഡ് നിര്‍മാണത്തിലെ കാലതാമസത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കുന്നു. 14ന് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തരുവണ മുതല്‍ കാത്തിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ഭാഗം വീതികൂട്ടി ടാറിങ് ചെയ്യുന്നതിനായി പത്തുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രവൃത്തി തുടങ്ങി ഒന്നര വര്‍ഷത്തിലേറെയായിട്ടും ടെന്‍ഡര്‍ ചെയ്ത പ്രവൃത്തിയുടെ പകുതിപോലും പൂര്‍ത്തിയാക്കാന്‍ കരാറുകാരനു സാധിച്ചിട്ടില്ല.
നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ നിലച്ച സ്ഥിതിയിലാണ്. തരുവണ മുതല്‍ പഴഞ്ചന ഒന്‍പതാം മൈല്‍ വരെയുള്ള ഭാഗത്തു മാത്രമാണു ഭാഗികമായെങ്കിലും ടാറിങ് പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ള മേഖലയിലെ റോഡ് തകര്‍ന്നുകിടക്കുകയാണ്. റോഡിന് വീതികൂട്ടുന്നതിന് ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്ന പ്രവൃത്തികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. മഴക്കാലമാകുമ്പോള്‍ റോഡില്‍ ഉറവയെടുക്കുന്നതു തടയാന്‍ റോഡ് ഉയര്‍ത്തി ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്താതെയാണു നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
കരാറുകാരന്റെ അനാസ്ഥയ്ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കിണറ്റിങ്കല്‍ മുതല്‍ പൂരിഞ്ഞി വരെയുള്ള ഭാഗം റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. തുടര്‍പ്രവൃത്തി നടക്കാത്തതിനാല്‍ പൊടിശല്യം രൂക്ഷമായി പാതയോരത്തെ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും മരങ്ങള്‍ മുറിച്ചിട്ടത് കരാറുകാരന്‍ ഇതുവരെ മാറ്റിയിട്ടില്ല. മരങ്ങള്‍ മുറിക്കാനെടുത്ത വലിയ കുഴികള്‍ നികത്താത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്.
അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവാണു പ്രവൃത്തി വൈകാന്‍ കാരണമെന്നാണു കരാറുകാരന്‍ പറയുന്നത്. എന്നാല്‍, ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ റോഡ് പണികള്‍ കൃത്യമായി നടക്കുമ്പോഴാണ് ഈ ന്യായവാദം. എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധത്തിനുശേഷവും നടപടിയില്ലെങ്കില്‍ കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും അനിശ്ചിതകാല റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സാബു പി. ആന്റണി, കൈപ്പാണി ഇബ്രാഹീം, എ. ബാവ മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍, മുനീര്‍ കിണറ്റിങ്കല്‍, കെ. മമ്മൂട്ടി, പി.ടി മത്തായി, എ.ആര്‍ രജീഷ്, മുരുട മൂസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."