കവര്‍ച്ചാകേസ് പ്രതി ട്രെയിന്‍ യാത്രക്കിടെ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു ബംഗ്ലാദേശ് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതം
ചെറുതുരുത്തി: നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയും ബംഗ്ലാദേശ് സ്വദേശിയുമായ യുവാവ് പൊലിസിന്റെ കണ്ണുവെട്ടിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ബംഗ്ലാദേശ് ബോറിസാള് സംസ്ഥാനത്തെ പേരാസ്പൂര് ജില്ലയിലെ കൊളാരന് വില്ലേജില്‍ താമസിക്കുന്ന മുത്താലിബ് സര്‍ദാറിന്റെ മകന് മാണിക് ( മാസ്റ്റര്‍ - 35 ) ആണ് വിലങ്ങുമായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മാണിക്കിനെ എറണാംകുളം ടൗണ്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
കാക്കനാട്ടെ സബ് ജയിലില്‍ പാര്‍പ്പിച്ച് ഇന്ന് കോടതിയില്‍ ഹാജരാക്കാനായിരുന്നു പദ്ധതി. ഏറനാട് എക്സ്പ്രസിലെ യാത്രക്കിടെ ട്രെയിന്‍ പൈങ്കുളം റെയില്‍വേ ഗെയ്റ്റിന് സമീപമുള്ള സിഗ്നലില്‍ വേഗം കുറച്ചപ്പോഴായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. തലയില്‍ മുറിവുള്ള മാണിക്കിന്റെ കൈയില്‍ വിലങ്ങുണ്ട്. രക്ഷപ്പെടുമ്പോള്‍ ടീ ഷര്‍ട്ടും ബര്‍മുഡയുമാണ് ധരിച്ചിരുന്നത്. പ്രതിക്ക് വേണ്ടി പൊലിസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ കുറ്റിക്കാടുകളും വിജന പ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. വിവരം ലഭിക്കുന്നവര്‍ 04884- 262401, 94 97 98 05 31 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."