വിവാദങ്ങള്‍ തൊടുത്ത് ബി.ജെ.പി, ലക്ഷ്യം ഷഹീന്‍ബാഗ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ശക്തമായ സമരം തുടരുന്നവര്‍ക്കെതിരേ അധിക്ഷേപവും ആരോപണങ്ങളും ഭീഷണിയുമായി ബി.ജെ.പി നേതാക്കള്‍. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇവിടത്തെ സമരക്കാര്‍ക്കെതിരേ ആരോപണങ്ങളുമായി ബി.ജെ.പിയുടെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരുമടക്കം രംഗത്തെത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
ഷഹീന്‍ബാഗിലെ സമരത്തെ വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെയാണ് ബി.ജെ.പിയുടെ മറ്റു നേതാക്കളും ഇവിടത്തെ സമരത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഒരു മാസത്തിലേറെയായി ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലടക്കം ഇവിടെ സമരത്തിനു വന്‍ ജനപിന്തുണയും ലഭിച്ചിരുന്നു. ഇതില്‍ ബി.ജെ.പി നേതൃത്വം അസ്വസ്ഥരാണെന്നു വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങള്‍.
ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചാല്‍ ഒരു മണിക്കൂര്‍കൊണ്ട് ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്നാണ് ഇന്നലെ വെസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ പറഞ്ഞത്. തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ പ്രതിഷേധക്കാരായി ഒരുത്തനും അവിടെ അവശേഷിക്കില്ലെന്നും ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള പള്ളികളെല്ലാം തകര്‍ക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. സമരക്കാരെ പീഡനക്കാരും രാജ്യവിരോധികളുമായി ചിത്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. അവര്‍ നിങ്ങളുടെ വീടുകളിലെത്തി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും അദ്ദേഹം ഡല്‍ഹിക്കാരോട് പറഞ്ഞു. അതൊഴിവാക്കാന്‍ ബി.ജെ.പിക്കു വോട്ടുചെയ്യണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
നോട്ടുനിരോധനത്തിന്റെ സമയത്ത് വരിനിന്ന് എത്രയോ പേര്‍ മരിച്ചിരുന്നെന്നും ഷഹീന്‍ബാഗിലെന്താണ് അങ്ങനെയുണ്ടാകാത്തതെന്നും ചോദിച്ച് ബി.ജെ.പി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷും രംഗത്തെത്തിയിട്ടുണ്ട്.
സമരക്കാരെ സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തവരെന്ന് ആക്ഷേപിച്ചും അവരെ വെടിവച്ചുകൊല്ലൂവെന്ന വിവാദപ്രസ്താവനയിറക്കിയും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതു വിവാദമായിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."