സാമ്പത്തിക സംവരണം ചര്‍ച്ച ചെയ്യാന്‍ പോലും സമയമായിട്ടില്ല: വെള്ളാപ്പള്ളി
വൈക്കം: സാമ്പത്തിക സംവരണം എന്ന വിഷയം ചര്‍ച്ചചെയ്യാന്‍ പോലും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ സമയമായിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വൈക്കത്ത് കോട്ടയം, ഇടുക്കി ജില്ലകളിലെ യൂനിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എണ്ണത്തില്‍ മഹാഭൂരിപക്ഷമായ പിന്നോക്ക ജനവിഭാഗങ്ങള്‍ ഭരണപങ്കാളിത്തത്തില്‍ ഇന്നും വളരെ പിന്നിലാണ്. നിയമനിര്‍മാണ സഭകളില്‍ പിന്നോക്ക വിഭാഗങ്ങളുടെ കുറവ് സാമൂഹ്യനീതി സംരക്ഷിക്കുന്നതില്‍ അനീതിക്കിടയാക്കുന്നു.
അതിന്റെ അവസാന ഉദാഹരണമാണ് സാമ്പത്തിക സംവരണം. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണത്. പിന്നോക്കക്കാര്‍ക്ക് നിലവിലുള്ള സംവരണത്തിന്റെ ആനുകൂല്യമായി ലഭിച്ചിട്ടുള്ള ഉദ്യോഗങ്ങള്‍ പോലും അര്‍ഹിക്കുന്നതിലും എത്രയോ കുറവാണ്.
90 ശതമാനം ഉദ്യോഗങ്ങളും നിലവില്‍ കൈയടക്കിവച്ചിരിക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം കൂടി സംവരണം നല്‍കാനുള്ള നിര്‍ദേശം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണ്.
സംവരണ വിഷയവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യോഗം മുന്‍കൈയെടുക്കും.
സംവരണ വിഷയത്തില്‍ പിന്നോക്ക ജനതയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പരസ്യമായ നിലപാടെടുത്ത മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."