'എന്‍.ആര്.യു'വുമായി രാഹുല്‍ ഗാന്ധി, 'സാമ്പത്തികശാസ്ത്രമെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല'
ജയ്പൂര്‍: രാജ്യത്തു പൗരത്വ നിയമ ഭേദഗതി, എന്‍.പി.ആര്, എന്‍.ആര്.സി എന്നിവയ്ക്കെതിരേ പ്രതിഷേധം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെതിരേ മറ്റൊരു പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജസ്ഥാനില്‍ നടന്ന യുവ ആക്രോശ് റാലിയിലാണ് എന്‍.പി.ആറിനു പകരം 'എന്‍.ആര്.യു'വുമായി അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്ക് വ്യക്തമാക്കുന്ന 'നാഷനല്‍ രജിസ്റ്റര്‍ ഓഫ് അണ് എംപ്ലോയ്മെന്റു'മായാണ് രാഹുല്‍ഗാന്ധിയുടെ പ്രതിഷേധം.
കേന്ദ്രബജറ്റ് അടുത്ത ദിവസം നടക്കാനിരിക്കെ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്നലെ ജയ്പൂരില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധിയാളുകള്‍ പങ്കെടുക്കുകയും തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, പൗരത്വ നിയമഭേദഗതി എന്നീ വിഷയങ്ങളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.
എന്‍.ആര്.യുവില്‍ രാജ്യത്തെ തൊഴിലില്ലാത്ത എല്ലാ യുവാക്കളും പേര് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പ്രതിഷേധ യോഗം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പട്ടികയുമായി പ്രധാനമന്ത്രിയെ സമീപിക്കുമെന്നും തൊഴില്‍ ആവശ്യപ്പെടുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം, സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യ പിറകോട്ടുപോകുന്നതിനെ സൂചിപ്പിച്ച രാഹുല്‍ ഗാന്ധി, സാമ്പത്തിക ശാസ്ത്രം എന്താണെന്നു പ്രധാനമന്ത്രിക്ക് അറിയില്ലെന്നു പരിഹസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."