ഒന്നിച്ചുനില്‍ക്കാന്‍ എസ്.പിയും ബി.എസ്.പിയും ധാരണയായി; പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ പ്രബലകക്ഷികളായ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനം.
ചെറുപാര്‍ട്ടികളെയും കൂട്ടി പൊതുതെരഞ്ഞെടുപ്പില്‍ സഖ്യംചേര്‍ന്നു മത്സരിക്കാനുള്ള ഇരുകക്ഷികളുടെയും തീരുമാനം എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബി.എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയും ഇന്നു ലഖ്‌നോയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും.
എസ്.പി ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരിയും ബി.എസ്.പി വക്താവ് സതീഷ്ചന്ദ്ര മിശ്രയുമാണ് ഇന്നത്തെ സംയുക്ത വാര്‍ത്താസമ്മേളനത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ഇരുകക്ഷികളും 37 വീതം സീറ്റുകളിലാവും മത്സരിക്കുക. സോണിയാ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയും അമേത്തിയും ഇരുകക്ഷികളും ഒഴിച്ചിടും.
ബാക്കിവരുന്ന നാലുസീറ്റുകള്‍ ആര്‍.എല്‍.ഡിക്കും നല്‍കിയേക്കും.
80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 71 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.
ദക്ഷിണേന്ത്യയില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കാര്യമായ പിന്തുണ ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിക്കുന്നത് പാര്‍ട്ടിയുടെ നിലപരുങ്ങലിലാക്കും.
അതേസമയം കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയുള്ള സഖ്യരൂപീകരണം ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്ന മതേതരചേരിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.
എന്നാല്‍ എസ്.പി, ബി.എസ്.പി സഖ്യത്തിന്റെ പ്രതിഫലനം യു.പിക്കു പുറത്തേക്കു വ്യാപിക്കില്ലെന്നാണ് സൂചന.
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി.എസ്.പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."