ലത്തീന്‍ പള്ളിയില്‍ ഊട്ടുതിരുനാള്‍ നാളെ
തൃശൂര്‍: തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ നാളെ നടക്കും. തിരുനാളിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്നലെ നടന്ന നേര്‍ച്ച പായസ ആശിര്‍വാദം ഫാ. പ്രോസ്പര്‍ നിര്‍വഹിച്ചു. നേര്‍ച്ചപ്പായസം, നേര്‍ച്ചഅരി, നേര്‍ച്ചപാര്‍സല്‍ തുടങ്ങിയവയുടെ കൂപ്പണ്‍ വിതരണവും ആരംഭിച്ചു.
ഒന്നരലക്ഷം പേര്‍ക്കാണ് ഇത്തവണ ഊട്ടുസദ്യയൊരുക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെയാണ് നേര്‍ച്ചസദ്യ. ഊട്ടുസദ്യയ്‌ക്കെത്തുന്നവര്‍ക്കായി 40,000 ചതുരശ്ര അടിയിലുള്ള പന്തലാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ വാഹനപാര്‍ക്കിങിനും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് അഞ്ഞൂറോളം വളണ്ടിയേഴ്‌സ് പൊലിസിനൊപ്പം പ്രവര്‍ത്തിക്കും. ഊട്ടുതിരുനാള്‍ ദിനത്തില്‍ രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. നോയല്‍ കുരിശിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 9.30ന് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം ഊട്ടുസദ്യ ആശീര്‍വദിക്കും.
10.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് 7ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ന് പ്രസുദേന്തി ദിനം ആചരിക്കും. ചെട്ടിക്കാട് സെന്റ് ആന്റണീസ് ഷ്രൈന്‍ റെക്ടര്‍ ഫാ. ജോയ് കല്ലറയ്ക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."