കെ.ടി ജലീലിനെതിരേ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
വടകര: വടകരയിലെത്തിയ മന്ത്രി കെ.ടി ജലീലിനു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പരിപാടി കഴിഞ്ഞുപോകവെ കരിമ്പനപാലത്തു വച്ചാണു കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് നേതാക്കളായ പി.പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, അന്‍സാര്‍ മുകച്ചേരി, ഫസല്‍ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധിച്ചത്.
കരിങ്കൊടി കാണിച്ചവരെ കരിമ്പനപാലത്തുവച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. തുടര്‍ന്ന് നേതാക്കളെ പൊലിസെത്തി അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ മന്ത്രിക്കെതിരേ പ്രതിഷേധത്തിനു നീക്കമുണ്ടെന്നു മനസിലാക്കിയ പൊലിസ് യൂത്ത് ലീഗ് നേതാക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുനിസിപ്പല്‍ ഏരിയാ പ്രസിഡന്റ് കെ.സി അക്ബര്‍, കസ്റ്റംസ്‌റോഡ് ശാഖാ പ്രസിഡന്റ് വി. ഹലീം എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
ഉച്ചയ്ക്ക് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് വടകര പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇവരില്‍ നിന്നു കരിങ്കൊടി കണ്ടെടുക്കുകയും ചെയ്തു. ഇന്നലെ താഴെഅങ്ങാടിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനു മന്ത്രി ജലീല്‍ എത്തിയിരുന്നു. നിസ്‌കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ മേര്‍പാലം പരിസരത്ത് കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും മന്ത്രിയുടെ വാഹനം ഐസ് റോഡ് വഴി പോയതിനാല്‍ നടന്നില്ല. റസ്റ്റ് ഹൗസിലെത്തിയ മന്ത്രി ഭക്ഷണം കഴിച്ച് കേളു ഏട്ടന്‍ മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കരിങ്കൊടി കാണിച്ചവരെയും കരുതല്‍ തടങ്കലില്‍വച്ചവരെയും വൈകിട്ടോടെ വിട്ടയച്ചു. യൂത്ത് ലീഗ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."