റിസര്‍വ് ബാങ്ക് അനുമതിക്കായി തിരിമറി: കേരള ബാങ്ക് സഹകരണ വകുപ്പിന്റെ കള്ളക്കണക്ക് പുറത്ത്
തൊടുപുഴ: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിക്കാന്‍ കണക്കുകളില്‍ തിരിമറി നടത്തിയത് വ്യക്തമാക്കി നബാര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്.
സംസ്ഥാന സഹകരണ ബാങ്കിലും 11 ജില്ലാ സഹകരണ ബാങ്കുകളിലും 2019 മാര്‍ച്ച് വരെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ അക്കമിട്ടുനിരത്തിയാണ് നബാര്‍ഡ് കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ സഹകരണ വകുപ്പ് സെക്രട്ടറിക്കും ആര്‍.ബി.ഐക്കും ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
കേരള ബാങ്കിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പ്രധാന വ്യവസ്ഥകളില്‍ ഒന്ന് ബാങ്കുകള്‍ക്ക് 9% മൂലധനപര്യാപ്തത ഉറപ്പുവരുത്തുക എന്നതായിരുന്നു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലാ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്ന 9% മൂലധന പര്യാപ്തതയില്ലെന്നും നബാര്‍ഡ് ഓഡിറ്റിങ്ങില്‍ വ്യക്തമാക്കുന്നു. സഹകരണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ ബാങ്കുകള്‍ക്ക് മാത്രമാണ് മൂലധന പര്യാപ്തത കുറവുണ്ടായിരുന്നത്. എന്നാല്‍, നബാര്‍ഡ് പരിശോധനയില്‍ ഇടുക്കി, വയനാട് ജില്ലാ ബാങ്കുകള്‍ക്കുകൂടി മതിയായ മൂലധന പര്യാപ്തത ഇല്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പല ജില്ലകളുടെയും മൂലധന പര്യാപ്തത നിലവിലുള്ളതിനെക്കാള്‍ കൂട്ടിയാണ് സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും നബാര്‍ഡ് കണ്ടെത്തി. ഇതിനുപുറമെ ഒന്‍പത് ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ചതായും വ്യക്തമായി. ഇതു നിഷ്‌ക്രിയ ആസ്തിയില്‍ വന്‍ വര്‍ധന ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരള ബാങ്കിനുള്ള അന്തിമാനുമതി ലഭ്യമാക്കുന്നതിന് ആര്‍.ബി.ഐ നല്‍കിയ സമയം അവസാനിക്കുന്നത് മാര്‍ച്ച് 31 നാണ്. ഇതിനിടയിലാണ് സര്‍ക്കാരിന്റെ കള്ളക്കളി വ്യക്തമാക്കുന്ന നബാര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."