ശമ്പളം മുടങ്ങി; സ്വകാര്യ ആശുപത്രി ജീവനക്കാരും തൊഴിലാളികളും സമരത്തിന്
ചെങ്ങന്നൂര്‍: മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴികെയുള്ള ജീവനക്കാര്‍ സി.ഐ.ടി.യു -എ.ഐ.ടി.യു സി യൂനിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ സൂചനാ പണിമുടക്ക് നടത്തി. ഇതിനെ തുടര്‍ന്ന് നിരവധി കിടപ്പുരോഗികളെ തിരുവല്ല- ചെങ്ങന്നൂര്‍-കൊല്ലകടവ് തുടങ്ങിയ ആശുപത്രികളിലേക്ക് മാറ്റേണ്ടിവന്നു.
എല്ലാ മാസവും കൃത്യമായി നല്‍കിയിരുന്ന ശമ്പളം, അല്‍പ ദിവസമായി മുടങ്ങിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ച വേതന പരിഷ്‌ക്കാരം നടപ്പിലാക്കാത്തതിലും, പി.എഫ് ലേക്ക് പിടിക്കുന്ന തുക മാസങ്ങളായിട്ടും മനേജ്‌മെന്റ് നാളുകളായി ഗവ:ലേയ്ക്ക് അടയ്ക്കാതിരുന്നു എന്ന് ജീവനക്കാര്‍ അറിഞ്ഞതിനാലുമാണാ പ്രതിഷേധം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് ജീവനക്കാരും സംഘടനാ നേതാക്കളും മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും തീരുമാനം നീളുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഡോക്ടര്‍മാരടക്കം 280 ഓളം വരുന്ന ജീവനക്കാരും ഇന്നലെ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സൂചനാ പണിമുടക്ക് നടത്തിയത്.ആശുപത്രി സൂപ്രണ്ടിനെയും, താലൂക്ക് - ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസിലും പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും യാതൊരുവിധ നടപടികളും നാളിതുവരെയായി ഒരു കാര്യത്തിലും തീരുമാനമുണ്ടായില്ല. രാവിലെ മുതല്‍ ആരംഭിച്ച സമരക്കാരുമായി ചര്‍ച്ചക്ക് മനേജ്‌മെന്റ് തയാറായില്ല.
വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ബന്ധപ്പെട്ടവര്‍ അനുനയ ശ്രമങ്ങള്‍ക്കു തയാറായത്. യൂനിയനുകളുടെ പ്രതിനിധികളുമായി സൂപ്രണ്ട് ഡോ. രേഖാ തമ്പി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൗമ്യ എലിസബത്ത് കുര്യന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
പകുതി ശമ്പളം വീതം15നും, ബാക്കി 19നും നല്‍കും.17നു ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ ജനറല്‍ ബോഡി യോഗം വിളിച്ചു കുട്ടി സര്‍ക്കാര്‍ ശമ്പളവുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ട് 18ന് അറിയിക്കാമെന്നുള്ള ഉറപ്പില്‍ താല്‍ക്കാലികമായി പണിമുടക്ക് പിന്‍വലിച്ചു. തീരുമാനം നടപ്പാക്കാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് സമരത്തിന് നിര്‍ബന്ധിതരാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."