ഉദ്ഘാടനത്തിനൊരുങ്ങി പെരിന്തല്‍മണ്ണയിലെ കോടതി സമുച്ചയം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12.5 കോടി രൂപ ചെലവഴിച്ച് പണിത അഞ്ചുനില കോടതി സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിചാരണ ഹാളുകള്‍, റെക്കോര്‍ഡ് മുറി, മജിസ്ട്രേറ്റുമാരുടെ ചേംബറുകള്‍, ഓഫിസ്, ബാര്‍ അസോസിയേഷന് ഹാള്‍, താഴെ ഭാഗം വിസ്തൃതമായ വാഹന പാര്‍ക്കിങ് ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കോടതി സമുച്ചയം സജ്ജമാക്കിയിട്ടുള്ളത്.
5810 സ്ക്വയര്‍ മീറ്ററാണ് മൊത്തം വിസ്തൃതി. 1220 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോര്‍ പാര്‍ക്കിങ് ഏരിയയാണ്. ഒന്നു മുതല്‍ നാലു വരെ നിലകള്‍ക്ക് 1105 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതി വരും. അസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണയിലെ എല്ലാ കോടതികളും ഉദ്ഘാടനത്തോടെ പുതിയ സമുച്ചയത്തിലേക്ക് മാറും.
ഒന്നാമത്തെ നിലയില്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി ഓഫിസ്, മീഡിയാ റൂം, എ.പി.പിമാരുടെ ഓഫിസ്, നാസിര്‍ ഓഫിസ്, ബാര്‍ അസോസിയേഷന്റെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ഓഫിസുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. രണ്ട് മുതല്‍ നാലുവരെ നിലകളില്‍ കോര്‍ട്ട് ഹാള്‍, ഓഫിസ്, റെക്കോര്‍ഡ് റൂം, പ്രോപ്പര്‍ട്ടി റൂം, ചേംബര്‍ എന്നിവ ഒരുക്കും. നാലു നിലകളിലേക്കും പൊതു ലിഫ്റ്റും ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് പ്രത്യേക ലിഫ്റ്റും സ്റ്റെയര്കേയ്സുകളും നിര്‍മിച്ചിട്ടുണ്ട്. 2014 മെയ് 30നാണ് കെട്ടിട സുച്ചയത്തിന് തറക്കല്ലിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."