കോടനാട് എസ്റ്റേറ്റിലെ മോഷണം മുഖ്യമന്ത്രി പളനിസ്വാമിക്കുവേണ്ടിയായിരുന്നുവെന്ന് പ്രതികള്‍
ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സുരക്ഷാ ജീവനക്കാരന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തി നിര്‍ണായക രേഖകള്‍ കവര്‍ന്നത് ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുവേണ്ടിയായിരുന്നുവെന്നാണ് ഇന്നലെ പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി സയനും വാളയാര്‍ മനോജും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മോഷണത്തിന് പിന്നാലെ ഒന്നാം പ്രതി കനക രാജും സയന്റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മരണങ്ങളിലും എടപ്പാടി പളനിസ്വാമിക്ക് പങ്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്‌റ്റേറ്റിലെ ഡ്രൈവറുമായ കനക രാജായിരുന്നു അഞ്ചു കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. 2017 ഏപ്രില്‍ 23ന് കോടനാടെത്തിയ 10 പേരടങ്ങിയ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടു. 2000 കോടി രൂപ എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ലക്ഷ്യം ഇവിടെ സൂക്ഷിച്ച രേഖകളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നുവെന്ന് സയന്‍ വ്യക്തമാക്കി. കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നും സയന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മോഷണ സംഘത്തിലെ പ്രതികളായ സയനും മനോജും ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ഡി. ജയകുമാര്‍ ആരോപിച്ചു. പ്രതികളുടെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ട്. ഇന്ത്യ എഹഡ് എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പ്രതികള്‍ക്കെതിരേയും ഇന്ത്യ എഹഡിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.
ഈ ആരോപണം കെട്ടിച്ചമച്ചതാണ്. ആരെല്ലാമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അവരെയെല്ലാം നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആരോപണം നിഷേധിച്ചുകൊണ്ട് ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമാണ് ആരോപണത്തിന് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."