പൊലിസുകാരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ബേദി കമ്മിറ്റി
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുണ്ടായ 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മൂന്നെണ്ണം വ്യാജമായിരുന്നുവെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എച്ച്.എസ് ബേദിയുടെ റിപ്പോര്‍ട്ട്. ഖസിം ജാഫര്‍, സമീര്‍ഖാന്‍ പത്താന്‍, ഹാജി ഇസ്മഈല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് പറയുന്ന റിപ്പോര്‍ട്ട്, ബാക്കിയുള്ള 14 ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജമല്ലെന്നും അഭിപ്രായപ്പെട്ടു.
വ്യാജഏറ്റുമുട്ടലാണെന്നു ചൂണ്ടിക്കാട്ടിയ മൂന്നുസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പൊലിസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റംചുമത്തി വിചാരണചെയ്യണമെന്നും ബേദി കമ്മിറ്റി ശുപാര്‍ശചെയ്തു.
മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനു പങ്കുണ്ടെന്നും മുസ്‌ലിംകളെ വ്യാജഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തണമെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നുമുള്ള ഗുജറാത്ത് മുന്‍ ഡി.ജി.പി മലയാളിയായ ആര്‍.ബി ശ്രീകുമാറിന്റെ ആരോപണം തെറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍, ബേദി കമ്മിറ്റിക്കു രണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
മുസ്‌ലിംകളെ തെരഞ്ഞെടുപിടിച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് തനിക്കു സ്ഥാനക്കയറ്റം നല്‍കാതിരുന്നതെന്നും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും വിവിധ ഏറ്റുമുട്ടലുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നയാളുമായ ഡി.ജി വന്‍സാരയുടെ രാജിക്കത്തില്‍ വ്യാജഏറ്റുമുട്ടലുകളെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നും ശ്രീകുമാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ക്കു ബലമേകുന്ന തെളിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 17 ഏറ്റുമുട്ടലുകളിലെ ഇരകള്‍ കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സമുദായക്കാരും വിവിധ കുറ്റകൃത്യപശ്ചാത്തലമുള്ളവരാണിവരെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയെന്നാണ് ഹാജി ഇസ്മാഈലി(55)നെ പൊലിസ് വിശേഷിപ്പിച്ചിരുന്നത്. വല്‍സദില്‍ വച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഇയാളെ വെടിവച്ചു കൊന്നത്. ഇയാള്‍ വെടിവച്ചപ്പോഴാണ് പൊലിസ് തിരിച്ചടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. 2006 ഏപ്രിലിലാണ് മുംബൈ സ്വദേശിയായ ഖാസിം ജാഫറിനെ പൊലിസ് കൊലപ്പെടുത്തിയത്.
തീര്‍ഥാടനത്തിനായി പോവുന്നതിനിടെ അഹമ്മദാബാദ് ഹോട്ടലില്‍ കഴിയുമ്പോഴാണ് സഹയാത്രക്കാരായ 16 പേര്‍ക്കൊപ്പം ഖാസിം പിടിയിലായത്. 2002 ഒക്ടോബര്‍ 22നാണ് സമീര്‍ ഖാന്‍ പത്താന്‍ കൊല്ലപ്പെട്ടത്. പൊലിസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയവെയാണ് സമീര്‍ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."