ഞങ്ങളുടെ നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചുതരും
മുഹമ്മദ് ഹുസൈന്‍ ഫാസിലി സ്വന്തം നാട്ടില്‍ ഇപ്പോള്‍ അപരിചിതനാണ്. 12 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തുമ്പോള്‍ ബച്ചോപുരയെന്ന തന്റെ നാടിനെ തിരിച്ചറിയാന്‍ ഫാസിലിക്കും പറ്റിയില്ല. നിരന്തരസംഘര്‍ഷങ്ങളും പോരാട്ടങ്ങളും കശ്മിരിന്റെ സുന്ദരമുഖം അത്രയ്ക്കു വികൃതമാക്കിയിരിക്കുന്നു.
പക്ഷേ, നാല്‍പത്തിമൂന്നുകാരനായ ഫാസിലിക്ക് ഈ മാറ്റങ്ങള്‍ വിഷയമല്ല. ജീവിതത്തിലെ തണല്‍മരങ്ങളായ ഉപ്പയും ഉമ്മയും അസുഖകിടക്കയിലായതാണ് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നത്. ഹൃദയാഘാതം ഉമ്മയെ തളര്‍ത്തി. ഉപ്പയും ഹൃദ്രോഗത്തോടു മല്ലിട്ടു കഴിയുകയാണ്.
ഫാസിലിയും കശ്മിരുകാരന്‍തന്നെയായ മുഹമ്മദ് റഫീഖ് ഷായും 12 വര്‍ഷം ജയിലില്‍ കഴിഞ്ഞത് ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടല്ല. 2005 ലെ ഡല്‍ഹി സ്‌ഫോടനക്കേസില്‍ ഇത്രയും നാള്‍ തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്നു. ഒടുവില്‍, ഇക്കഴിഞ്ഞ ഫെബ്രുവരി 16 നു കുറ്റവിമുക്തരാക്കപ്പെട്ടു.
'കുറ്റമൊന്നും ചെയ്യാതെയാണു തടവിലിട്ടത്. നഷ്ടപ്പെട്ട 12 വര്‍ഷങ്ങള്‍ ആരാണു തിരിച്ചുതരിക. വൃദ്ധരായ മാതാപിതാക്കളുടെ കണ്ണീരിനും കഷ്ടപ്പാടിനും ആര്‍ക്കാണു പകരംനല്‍കാനാവുക.' -ഫാസിലി ചോദിക്കുന്നു.
'എന്റെ ഉമ്മയെപ്പോലെ ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉമ്മമാരും വല്ലാതെ വേദനിച്ചിട്ടുണ്ടാകും. എങ്കിലും അതിന് മറ്റുള്ളവരുടെ തെറ്റുചെയ്യാത്ത മക്കളെ പിടിച്ചുകൊണ്ടുപോയി ഭീകരരായി മുദ്രകുത്തുന്നത് എന്തിനാണ്.' -ഉമ്മയുടെ രോഗശയ്യയിലിരുന്നു ഫാസിലി ചോദിക്കുന്നു.
2005 നവംബറിലെ ആ തണുത്തരാത്രി ഇപ്പോഴും ഉള്‍ക്കിടിലമാണ്. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞുവന്നു ഷാള്‍ തുന്നിക്കൊണ്ടിരിക്കെയാണു വാതിലില്‍ തുരുതുരാ മുട്ടുന്നതു കേട്ടത്. വാതില്‍ തുറന്നപ്പോള്‍ ഇരുട്ടില്‍ പൊലിസ് സംഘം. ഡല്‍ഹി സ്‌ഫോടനത്തെപ്പറ്റി ചിലതു ചോദിക്കാനുണ്ടെന്നു പറഞ്ഞു പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അന്നു കണ്ടതാണ് ഫാസിലിയെ മാതാപിതാക്കള്‍. പിന്നെ, നീണ്ട ഇടവേളയ്ക്കുശേഷം കാണുന്നത് ഇപ്പോഴാണ്.
മകനെ പണം കൊടുത്തു മോചിപ്പിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. 'അന്ന് എന്നെ ഗേറ്റിലൂടെ കണ്ട നിമിഷം ഉമ്മ നിലവിളി കൂട്ടി. മൂന്നുപേര്‍ വന്ന് അവരെ പിടിച്ചു പിറകിലേക്കു മാറ്റുന്നതു കണ്ടു. അവര്‍ക്കു വീണ്ടും ഹൃദയാഘാതമുണ്ടായോയെന്നു ഞാന്‍ ഭയന്നു.'
'വീണ്ടും എന്നെ പ്രസവിച്ചപോലെ തോന്നുന്നതായി ഇപ്പോള്‍ എന്നോടുള്ള സ്‌നേഹത്താല്‍ അവര്‍ എല്ലാവരോടും പറയുന്നു.'- ഫാസിലി ഓര്‍ത്തു. മകനെ തിരിച്ചുകിട്ടുമെന്നോ വീണ്ടും കാണാനാവുമെന്നോ അവര്‍ പ്രതീക്ഷിച്ചതല്ല.
കാലം അവരില്‍ ജീവിതാന്ത്യത്തിന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിരുന്നു. വളരെ അവശയാണവര്‍. മറ്റൊരാളില്ലാതെ ഒരടി നടക്കാനാവില്ല. 'ഞാന്‍ ഉമ്മയുടെ കാര്യത്തില്‍ വളരെ വ്യാകുലനാണ്.
അനുദിനം അവരുടെ ആരോഗ്യനില വഷളാവുകയാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍പ്പിച്ചിരുത്താന്‍ ഞാന്‍ വേണം.' രോഗപീഡ ഏറെയുണ്ടെങ്കിലും ഫാത്തിമ ഇപ്പോള്‍ സന്തോഷവതിയാണ്. അത് അവരുടെ വിടര്‍ന്ന കണ്ണുകളില്‍ കാണാം. ചുക്കിച്ചുളിഞ്ഞ മുഖത്തിനു തിളക്കംവന്നിരിക്കുന്നു. പ്രതീക്ഷിച്ചിരിക്കാതെ മകനെ തിരിച്ചുകിട്ടിയ സുഖം അനുഭവിക്കുകയാണവര്‍.
മകന്‍ തിഹാര്‍ ജയിലിലെ അനുഭവങ്ങള്‍ വിവരിക്കുന്നതിനിടെ ഫാസിലിയുടെ ഉപ്പ കണ്ണീര്‍ നിയന്ത്രിക്കാന്‍ പാടുപെട്ടു. 'ഞാന്‍ വളരെയധികം സന്തോഷവാനാണ്. 12 വര്‍ഷത്തിനുശേഷം എന്റെ മകന്‍ മടങ്ങിവന്നിരിക്കുന്നു.' -ഇടറിയ സ്വരത്തില്‍ 76 കാരനായ ഗുലാം റസൂല്‍ പറഞ്ഞു. ഒരു ബന്ധവുമില്ലാത്ത സ്‌ഫോടനത്തെപറ്റി പൊലിസുകാര്‍ ഫാസിലിയോടു വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. നീയൊരു തീവ്രവാദിയാണെന്നു പറഞ്ഞ് പലവട്ടം അവര്‍ അലറി.
ശേഷിക്കുന്ന ജീവിതത്തില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഫാസിലിയുടെ മനസ്സില്‍ നിറഞ്ഞുനില്‍പ്പുണ്ട്. 'എനിക്കെന്റെ ഉമ്മയെയും ഉപ്പയെയും പരിചരിക്കണം. അവരോടൊത്തു കഴിയണം.'
പണ്ടു ഷാള്‍ വ്യാപാരിയായിരുന്നു ഹുസൈന്‍ ഫാസിലി. ആ ചെറിയ കച്ചവടം കൊണ്ടാണു ജീവിച്ചത്. അപ്രതീക്ഷിതമായ ജയില്‍വാസം നഷ്ടപ്പെടുത്തിയ ജീവിതത്തിന്റെ ശേഷഭാഗമെങ്കിലും സ്വസ്ഥമാക്കാനുള്ള പരിശ്രമത്തിലാണദ്ദേഹം.
ഫാസിലിക്കൊപ്പം അതേ കേസില്‍ ജയിലില്‍ കിടക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്ത റഫീഖ് ഷായുടെ കുടുംബവും കൂട്ടുകാരും വളരെയധികം സന്തോഷത്തിലാണ്.
റഫീഖിന് ഇനിയൊരു ജീവിതം കെട്ടിപ്പടുക്കല്‍ എളുപ്പമായിരിക്കില്ലെന്ന് അവര്‍ക്കറിയാം. എങ്കിലും, തടവറയിലെ ശ്വാസംമുട്ടലില്‍നിന്നു മോചനമായല്ലോ.
2005 ഒക്ടോബര്‍ 29 ന് മൂന്നിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു പറഞ്ഞാണ് ഫാസിലിക്കൊപ്പം റഫീഖ് ഷായെയും അറസ്റ്റ് ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ ഇവര്‍ ഉന്നയിച്ച ഓരോ കാര്യവും പൊലിസ് തള്ളിക്കളയുകയായിരുന്നു.
'യൗവനകാലത്തെ 12 വര്‍ഷം നഷ്ടപ്പെടുകയെന്നതു ജീവിതംതന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. കെട്ടിച്ചമച്ച തെളിവുകളോടെയാണു റഫീഖിന്റെ 12 വര്‍ഷം അവര്‍ നഷ്ടപ്പെടുത്തിയത്.
ഞാനെന്റെ പി.എച്ച്.ഡി പൂര്‍ത്തിയാക്കുമ്പോള്‍ അവന്‍ ജയിലില്‍ എരിഞ്ഞുതീരുകയായിരുന്നു.' -കോളജ് അധ്യാപകനും റഫീഖ് ഷായുടെ ഉറ്റ സുഹൃത്തുമായ ബഷീര്‍ അഹമ്മദ് ദര്‍ പറഞ്ഞു. കശ്മിര്‍ യൂനിവേഴ്‌സിറ്റിയില്‍ റഫീഖിന്റെ ജൂനിയറായിരുന്നു ബഷീര്‍.
'റഫീഖിന്റെ അറസ്റ്റ് സമൂഹത്തിനു മൊത്തത്തിലും വിദ്യാര്‍ഥികള്‍ക്കു പ്രത്യേകിച്ചും കനത്ത ആഘാതമായിരുന്നു.'ഡല്‍ഹി ബോംബ് കേസില്‍ പങ്കുണ്ടെന്നു പറഞ്ഞു ശ്രീനഗറിലെ വീട്ടില്‍നിന്നു പൊലിസ് പിടിച്ചതായാണു വാര്‍ത്തവന്നത്. അന്നു കോളജില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു റഫീഖ്.'- ബഷീര്‍ പറഞ്ഞു.
'റഫീഖിന്റെ സഹപാഠികളും ജൂനിയര്‍ വിദ്യാര്‍ഥികളും ഗവേഷണപഠനം പൂര്‍ത്തിയാക്കി പി.എച്ച്.ഡി നേടി. പലരും അസിസ്റ്റന്റ് പ്രഫസര്‍മാരായി ജോലി ചെയ്യുന്നു.
നന്നായി പഠിക്കുമായിരുന്ന ഒരു വിദ്യാര്‍ഥിയുടെ വിജ്ഞാനമോഹങ്ങള്‍ക്കുമേല്‍ പൊലിസുകാര്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.'- ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ 12 വര്‍ഷവും റഫീഖിന്റെ പേരുപറയുമ്പോഴേക്കും ഉമ്മയുടെ കണ്ണു നിറയും. റഫീഖില്ലാതെ കനലായിരുന്നു അവരുടെ ഹൃദയം മുഴുവന്‍.' റഫീഖിന്റെ അറസ്റ്റിനുശേഷം ആ കുടുംബത്തിനു തണലായി നിന്ന ബഷീര്‍ പറഞ്ഞു.
ഇനി പഠനം തുടരാനാകില്ലെങ്കിലും വൃദ്ധരായ മാതാപിതാക്കള്‍ക്കു താങ്ങായി ജീവിതം നയിക്കാനുള്ള ശ്രമത്തിലാണു റഫീഖ് ഷാ. നിരപരാധികളായ യുവാക്കളുടെ ജീവിതം ഇനിയെങ്കിലും പൊലിസ് പിച്ചിച്ചീന്തരുതേ എന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
മൊഴിമാറ്റം: എ.പി സല്‍മാന്‍, നിലമ്പൂര്‍
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."