സിഡ്‌നിയില്‍ നോ രക്ഷ
സിഡ്‌നി: ഹിറ്റ്മാന്റെ സെഞ്ചുറിക്കും മഹിയുടെ അര്‍ധ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ആസ്‌ത്രേലിയ ഇന്ത്യക്കെതിരേയുള്ള ആദ്യ എകദിനത്തില്‍ 34 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന്റെ ലീഡ് നേടി.
കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് വിരാട് കോഹ്‌ലിയും സംഘവും കങ്കാരുപ്പടയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തകര്‍ച്ചയോടെയാണെങ്കിലും പിന്നീട് ക്ഷമയോടെ ബാറ്റ് വീശിയ ആസ്‌ത്രേലിയ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 288 റണ്‍സെന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ജസ്പ്രീത് ബുംമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിനെ ഒരു കൂസലുമില്ലാതെയാണ് ഓസീസ് നേരിട്ടത്.
മറുപടി ബാറ്റിങില്‍ നാലു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലേക്കു വീണ ഇന്ത്യക്ക് പിന്നീട് ഈ തകര്‍ച്ചയില്‍നിന്ന് കരകയറാനായില്ല. രോഹിത് ശര്‍മ (133) സെഞ്ചുറിയുമായി ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യക്കു ഒന്‍പത് വിക്കറ്റിന് 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കരിയറിലെ 22ാമത് ഏകദിന സെഞ്ചുറിയാണ് രോഹിത് നേടിയത്. 129 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എം.എസ് ധോണിയാണ് (51) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ പുറത്താവാതെ 29 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത ജൈ റിച്ചാര്‍ഡ്‌സനാണ് ഇന്ത്യയുടെ അന്തകനായത്. ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫിനും മാര്‍ക്കസ് സ്റ്റോയ്‌നിസിനും രണ്ടു വിക്കറ്റ് ലഭിച്ചു. പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റ് നേടി.
തുടക്കം തകര്‍ത്തു
ടോസ് നഷ്ടമായെങ്കിലും ബൗളിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാംപന്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആറ് റണ്‍സുമായി മടങ്ങി. തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്ന് മുകതരാകും മുന്‍പേ ഓസീസിന് അടുത്ത വിക്കറ്റും നഷടമായി. ഒന്‍പതാം ഓവറില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ അലക്‌സ് കാരിയെ കുല്‍ദീപ് യാദവ് രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.
പുതുജീവനേകി
മാര്‍ഷ് - ഖവാജ കൂട്ടുകെട്ട്
41 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷോണ്‍ മാര്‍ഷ് - ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസീസ് സ്‌കോര്‍ 133ല്‍ നില്‍ക്കെ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.
81 പന്തില്‍ 59 റണ്‍സായിരുന്നു ഖവാജ നേടിയത്. തെട്ടുപിന്നാലെയെത്തിയ ഹാന്‍ഡ്‌സ്‌കോംപ് ഷോണ്‍ മാര്‍ഷിന് മികച്ച പിന്തുണ നല്‍കി. ഇരുവരും 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 70 പന്തില്‍ 54 റണ്‍സെടുത്ത ഷോണ്‍മാര്‍ഷിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് സ്റ്റോയ്‌നിസും ഹാന്‍ഡ്‌സ്‌കോംപിനൊപ്പം ബാറ്റിങ്ങില്‍ മികവ് കാട്ടിയതോടെ ഓസീസ് സ്‌കോര്‍ അനായാസം 200 കടന്നു. ഹാന്‍ഡ്‌സ്‌കോംപ് 61 പന്തില്‍ 73 റണ്‍സുമായി പുറത്തായി. സ്റ്റോയ്‌നിസ് പുറത്താവാതെ 47 റണ്‍സും മാക്‌സ്‌വെല്‍ പുറത്താവാതെ 11 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം നേടി. ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.
ബാറ്റിങ്ങില്‍ ഇന്ത്യന്‍ ദുരന്തം
289 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ശിഖര്‍ ധവാനെ ഇന്ത്യക്കു നഷ്ടമായി. സംപൂജ്യനായാണ് ധവാന്റെ മടക്കം. ബെഹ്‌റന്‍ഡോര്‍ഫിന്റെ ബൗളിങില്‍ ധവാന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഒരു ഭാഗത്ത് രോഹിത് ശര്‍മ ഉണര്‍ന്നു കളിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു.
റണ്‍ചേസില്‍ നിരവധി തവണ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള നായകന്‍ വിരാട് കോഹ്‌ലിക്കും ഇത്തവണ ഹീറോയാവാന്‍ കഴിഞ്ഞില്ല. എട്ടു പന്തില്‍ നിന്ന് മൂന്നു റണ്‍സ് മാത്രമെടുത്ത കോഹ്‌ലിയെ ജൈ റിച്ചാര്‍ഡ്‌സനാണ് മടക്കിയത്. റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മാര്‍ക്കസ് സ്റ്റോയ്‌നിസ് പിടികൂടുകയായിരുന്നു. കോഹ്‌ലിക്ക് പിന്നാലെ റായുഡുവും റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. രണ്ടു പന്തുകള്‍ നേരിട്ട റായുഡുവിനെയും റിച്ചാര്‍ഡ്‌സന്‍ തന്നെയാണ് മടക്കിയത്.
മധ്യനിരയിലെ ചെറുത്തുനില്‍പ്പ്
മധ്യനിരയില്‍ ഒത്തുചേര്‍ന്ന ധോണി - രോഹിത് ശര്‍മ കൂട്ടുകെട്ടാണ് ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. 137 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പ്രതിരോധിച്ചു കളിച്ച ഇരുവരും പിന്നീട് അറ്റാക്കിങ് ശൈലിയിലേക്കു മാറിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചത്.
എന്നാല്‍ 51 റണ്‍സെടുത്ത ധോണിയെ പുറത്താക്കി ബെഹ്‌റന്‍ഡോര്‍ഫ് ഇന്ത്യന്‍ മുന്നേറ്റം തടഞ്ഞു. 96 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ധോണി ഏകദിനത്തില്‍ 10000 റണ്‍സ് തികച്ചു. ധോണി മടങ്ങിയതിന് പിന്നാലെ തന്നെ 12 റണ്‍സുമായി കാര്‍ത്തികും 8 റണ്‍സുമായി ജഡേജയും പവലിയനില്‍ തിരിച്ചെത്തി.
പിന്നീടെത്തിയ ഭുവനേശ്വര്‍ കുമാര്‍ വാലറ്റത്തില്‍ നടത്തിയ ഭേദപ്പെട്ട ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. ഭുവനേശ്വര്‍ 23 പന്തുകളില്‍നിന്ന് പുറത്താവാതെ 29 റണ്‍സ് നേടി. കുല്‍ദീപ് യാദവ് (3), മുഹമ്മദ് ഷമി (1) എന്നിവരും പുറത്തായി. 50 ഓവറില്‍ ഓള്‍ഔട്ടാകാതെ പിടിച്ചു നിന്നു എന്നുള്ളതാണ് ഏക ആശ്വാസം. 15ന് അഡലെയ്ഡിലാണ് രണ്ടാം ഏകദിനം.
ആസ്‌ത്രേലിയ @ 1000
അന്താരാഷ്ട്ര ഏകദിനത്തില്‍ 1000 വിജയം നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇനി ആസ്‌ത്രേലിയക്ക് സ്വന്തം.
ഇന്ത്യക്കെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടിയ ആസ്‌ത്രേലിയ അര്‍ഹിച്ച വിജയമാണ് സിഡ്‌നിയില്‍ നേടിയത്. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തില്‍ മധുര പ്രതികാരം വീട്ടുകയാണ് ആസ്‌ത്രേലിയയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."