വിജയ് മല്യക്കു പിറകേ ജതിന്‍മേത്തയും
ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്ന് 7000 കോടി വായ്പയെടുത്തു മുങ്ങിയ വിജയ്മല്യക്കുപിറകേ മറ്റൊരു വമ്പന്‍വ്യവസായികൂടി ഇന്ത്യയില്‍നിന്നു മുങ്ങിയിരിക്കുകയാണ്. 14 ബാങ്കുകളില്‍ നിന്നായി 6800 കോടി വായ്പയെടുത്ത ജിതിന്‍മേത്തയാണ് ഭാര്യ സോണിയായുമൊത്തു രാജ്യംവിട്ടിരിക്കുന്നത്. ഡയമണ്ട് വ്യാപാരിയായ ജതിന്‍മേത്ത കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി എസ്ട്രഡീഷന്‍ കരാറില്ലാത്ത സെന്റ് കിറ്റ്‌സ് ആന്റ് നവിസ് എന്ന രാജ്യത്തേയ്ക്കാണു രക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ആസൂത്രിതമായാണു ജതിന്‍മേത്ത ഇന്ത്യയില്‍നിന്നു രക്ഷപ്പെടാന്‍ കരുക്കള്‍നീക്കിയതെന്നു വ്യക്തം. വിജയ്മല്യയും ജതിന്‍മേത്തയും ഇന്ത്യയില്‍നിന്നു കടത്തിയത് ഒട്ടാകെ 13000 കോടി രൂപ. ഇതത്രയും ഇന്ത്യയിലെ സാധാരണക്കാരന്റെ നികുതിപ്പണമാണ്.
1987ല്‍ സുരാജ് ഡയമന്റ്‌സ് എന്ന സ്ഥാപാനം ഗുജറാത്തില്‍ ആരംഭിച്ചുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തസുഹൃത്തായ ഗൗതം അദാനിയുടെ ബന്ധു ജതിന്‍മേത്ത വ്യവസായത്തിലേയ്ക്കു കാലെടുത്തുവച്ചത്. പിന്നീടത് വിന്‍സം ഡയമണ്ട്‌സ് വജ്രനിര്‍മാണകമ്പനിയായി വികസിപ്പിച്ചു. ഗൗതംഅദാനിയുടെ സഹോദരന്‍ വിനോദ് അദാനി നികുതിവെട്ടിപ്പിനായി ഇന്ത്യക്കു പുറത്തു നിക്ഷേപംനടത്തിയ കുറ്റവാളിയാണ്. വിനോദ് അദാനിയുടെ മകളാണു ജതിന്‍മേത്തയുടെ ഭാര്യ സോണി.
കുടുംബപരമായിത്തന്നെ തട്ടിപ്പുനടത്തുന്ന സംഘമാണിതെന്നു ചുരുക്കം. ഇന്ത്യയില്‍നിന്നു വജ്രങ്ങളും രത്‌നങ്ങളും സ്വര്‍ണാഭരണങ്ങളും നാണയങ്ങളും കയറ്റി അയയ്ക്കുന്ന സ്ഥാപനങ്ങളായിരുന്നു സുരാജ് ഡയമണ്ട്‌സും വിന്‍സം ഡയമണ്ട്‌സും. സ്റ്റാന്റേര്‍ഡ് ആന്റ് ചാര്‍ട്ടേഡ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളില്‍ നിന്നു 4680കോടിയും പഞ്ചാബ് നാഷണല്‍ ബാങ്കുകളില്‍നിന്നു 2122 കോടിയുമാണു ജതിന്‍മേത്ത വായ്പയെടുത്തത്. യു.എ.ഇയിലെ ആറുസ്ഥാപനങ്ങളിലേയ്ക്കയച്ച വജ്രത്തിന്റെയും ആഭരണങ്ങളുടെയും തുക കിട്ടാത്തതാണു തിരിച്ചടവു വൈകുന്നതെന്ന വ്യാജറിപ്പോര്‍ട്ടു നല്‍കുകയായിരുന്നു ബാങ്കുകള്‍ക്ക് മേത്ത.
യു.എ.ഇയില്‍ അത്തരം സ്ഥാപനങ്ങള്‍തന്നെയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആഭരണങ്ങളും വജ്രങ്ങളും മറ്റെവിടെയോ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. വലിയൊരു തട്ടിപ്പിനായി മേത്ത ആസൂത്രിതമായി കളമൊരുക്കുകയായിരുന്നെന്ന് ഇതില്‍നിന്നു മനസിലാക്കാം. ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു പരാതി നല്‍കിയെങ്കിലും മേത്തയും ഭാര്യയും രാജ്യംവിട്ട് സിങ്കപ്പൂരിലും ദുബായിലുമായി മാറിമാറി താമസിച്ചു കബളിപ്പിക്കുകയായിരുന്നു. ഒടുവിലാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് സെന്റ് കിറ്റ്‌സ് ആന്റ് നവിസ് രാജ്യത്തു പൗരത്വംസ്വീകരിച്ചത്.
കോടീശ്വരന്മാര്‍ ഇന്ത്യയെ തുലച്ചു രാജ്യംവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയാണു തകരുന്നത്. ആഗോളസാമ്പത്തികമാന്ദ്യം അമേരിക്കയില്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നതു നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ കരുത്തുകൊണ്ടായിരുന്നു. അമേരിക്കന്‍ബാങ്കുകളില്‍നിന്നു വന്‍തോതില്‍ വായ്പയെടുത്തു വന്‍കിടമാളുകളും കെട്ടിടങ്ങളും വീടുകളും നിര്‍മിച്ചവര്‍ തിരിച്ചടവു നല്‍കാതിരിന്നപ്പോഴാണ് അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം തലപൊക്കിയത്. കടമെടുത്തവര്‍ തിരിച്ചടക്കാതിരുന്നപ്പോള്‍ ബാങ്കുകള്‍ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ തുടങ്ങി. കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലത്തില്‍ കൊള്ളാന്‍ ആരും മുന്നോട്ടുവന്നില്ല. തന്മൂലമുണ്ടായ നഷ്ടം നികത്താതെ വന്നപ്പോഴാണ് അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് മൂക്ക് കുത്തിയത്.
ഇന്ത്യയിലേയ്ക്കും ഈ വിപത്തുവരാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ബാങ്ക് വായ്പാതട്ടിപ്പുകളില്‍നിന്നു മനസിലാകുന്നത്. എടുത്ത വായ്പ തിരിച്ചടക്കാതെ ആസൂത്രിതമായാണു വ്യവസായികള്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ അവസാനത്തെയാളാവില്ല ജതിന്‍മേത്തയെന്നു ഭയക്കേണ്ടിയിരിക്കുന്നു. ഇതുപോലുള്ള വമ്പന്‍ സ്രാവുകളുടെ വായ്പാ തട്ടിപ്പുകള്‍ ഇനിയും പുറത്തുവന്നേയ്ക്കാം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്തരം വ്യവസായികള്‍ക്ക് വായ്പ നല്‍കുന്നതിന് പിന്നില്‍ കോഴയോ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമോ ആയിരിക്കാനാണ് സാധ്യത. വ്യവസായികള്‍ രാജ്യംവിട്ടതിനുശേഷം അവരുടെ ആസ്തി കണ്ടുകെട്ടിയതുകൊണ്ടു ബാങ്കുകളുടെ ബാധ്യത തീരുകയില്ല.
കണ്ടുകെട്ടിയ വസ്തുവകകള്‍ ലേലത്തില്‍ പോകുമെന്നതിനു ഒരു ഉറപ്പുമില്ല. 7000 കോടി വായ്പയെടുത്ത് ലണ്ടനിലേക്ക് ഒളിച്ചോടിയ വിജയ്മല്യയുടെ ഇന്ത്യയിലെ 1411കോടിയുടെ സ്വത്താണു കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കണ്ടുകെട്ടിയത്. ഇതില്‍ ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ പണമായി ലഭിക്കുമെങ്കിലും ബാക്കി തുക അനിശ്ചിതമായി തുടരും. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും അടിക്കടി വില വര്‍ധിപ്പിച്ചു സാധാരണക്കാരന്റെ അടുക്കള പൂട്ടിക്കുന്നതിന് അത്യുത്സാഹം കാണിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പത്തു കാര്‍ന്നുതിന്നുന്ന കോര്‍പ്പറേറ്റുകളെയാണു നിലയ്ക്കു നിര്‍ത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."