ഗോഡ്‌സെയും മോദിയും
മഹാത്മജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വസിക്കുന്നത് ഒരേ ആശയമാണെന്നു പ്രസംഗിച്ച രാഹുല്‍ഗാന്ധിക്കെതിരേ വാക്കുകൊണ്ട് അതിരൂക്ഷമായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നേതാക്കളും അവരുടെ സാമൂഹ്യമാധ്യമപ്പടയും നടത്തിയത്.
ഗോഡ്‌സെ ആര്‍.എസ്.എസ്സുകാരനാണെന്നു തെറ്റിദ്ധരിപ്പിച്ചു ഗാന്ധിവധം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അവരുടെ വിമര്‍ശനം. രാഹുല്‍ഗാന്ധിക്കു മതിഭ്രമമാണെന്നുവരെ അവരില്‍ പലരും പറഞ്ഞു. ഗാന്ധിജിയെ ഏറെ ആദരിക്കുന്ന നേതാവാണ് മോദിയെന്നും ഗാന്ധിയുടെ ആശയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു.
ഈ പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ സാംഗത്യം നിഷ്പക്ഷമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടത് ഗോഡ്‌സെ എന്തു കാരണത്താലാണ് മഹാത്മജിയെ വെടിവച്ചുകൊന്നതെന്നാണ്.
ഗാന്ധി വധക്കേസിന്റെ വിചാരണവേളയില്‍ ഗോഡ്‌സെ തന്നെ അക്കാര്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മഹാത്മജിയോട് വ്യക്തിപരമായി വിരോധമില്ലെന്നാണ് ഗോഡ്‌സെ പറഞ്ഞത്.
പിന്നെന്തിനു കൊന്നു?'ഗാന്ധിജിയുടെ മുസ്‌ലിം പ്രീണനം', അതായിരുന്നു ഉത്തരം.
മുസ്‌ലിംകള്‍ക്കു മാത്രമായി രാജ്യം വേണമെന്ന അവകാശവാദത്തെ ഗാന്ധിജി എതിര്‍ത്തില്ല. പാകിസ്താനെന്ന മതരാഷ്ട്രം മുസ്‌ലിംകള്‍ നേടിയെടുത്ത ശേഷവും പാകിസ്താന്റെയും പാകിസ്താനിലെ മുസ്‌ലിംകളുടെയും അവകാശത്തിനായി ഗാന്ധിജി വാദിച്ചു. ഇന്ത്യയുടെ ഖജനാവില്‍നിന്ന് കണക്കുപറഞ്ഞു പാകിസ്താന് വിഹിതം കൊടുപ്പിച്ചു. ഇന്ത്യയിലുള്ള മുസ്‌ലിംകളെ പാകിസ്താനിലേക്ക് ആട്ടിയോടിക്കുന്നതിനു പകരം അവര്‍ ഇവിടെ തുല്യാവകാശത്തോടെ തുടരണമെന്നു ശഠിച്ചു. മുസ്‌ലിംകള്‍ ഭാഗം വാങ്ങിപ്പോയ ശേഷമുള്ള ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അനുവദിച്ചില്ല. ഇതൊക്കെയാണ് നാഥുറാം വിനായക് ഗോഡ്‌സെയെ ഗാന്ധിയുടെ ശത്രുവാക്കിയത്.
അക്കാലത്ത് അനേകം ഹിന്ദുത്വ മതഭ്രാന്തന്മാര്‍ക്ക് അതേ വിരോധം ഗാന്ധിയോടുണ്ടായിരുന്നു. ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചുകൊല്ലുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 'ഗാന്ധി മരിക്കണ'മെന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയിരുന്നു. മഹാത്മജിക്കുനേരെ ബോംബെറിയുക പോലും ചെയ്തു. അവരെല്ലാം ഗോഡ്‌സെയുമായി കൂട്ടുകൂടി പ്രവര്‍ത്തിച്ചവരോ ഗോഡ്‌സെയുടെ പ്രസ്ഥാനത്തിലുള്ളവരോ ആണെന്നു പറയാനാകില്ല. എന്നാല്‍, അവര്‍ക്കെല്ലാമുള്ള പൊതുഭ്രാന്ത് മുസ്‌ലിം വിരോധമായിരുന്നു.
ഗോഡ്‌സെയുടെയും അക്കാലത്തെ സമാനാശയക്കാരുടെയും പിന്മുറക്കാര്‍ ഇന്നുമുണ്ട്, വളരെ കൂടിയ തോതില്‍. ഗാന്ധിജിയുടെ ഛായാചിത്രത്തിലേക്കു കളിത്തോക്കുകൊണ്ടു നിറയൊഴിച്ച് ആത്മനിര്‍വൃതിയടഞ്ഞ ഹിന്ദു മഹാസഭാ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയും ആത്മീയനേതാക്കളെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്കാരായ സാക്ഷി മഹാരാജും സാധ്വി നിരഞ്ജന്‍ ജോതിയും സാധ്വി പ്രാചിയും പ്രജ്ഞാ സിങ്ങുമെല്ലാം ആ ഗണത്തില്‍ പെടുന്നു.
മുസ്‌ലിംകളോടും മുസ്‌ലിംകളെ തുണയ്ക്കുന്നവരോടുമെല്ലാം 'കടന്നുപോ... പാകിസ്താനിലേയ്ക്ക് ' എന്ന് അലറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഗോഡ്‌സെയെ ബാധിച്ച മതഭ്രാന്തു തന്നെയാണ്.
അതേ മതഭ്രാന്ത് നരേന്ദ്ര മോദിക്കുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം.
2014ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തില്‍, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ജനാധിപത്യ, മതേതര, സമാധാന വിശ്വാസികളായ ആരെയും കൊതിപ്പിക്കുന്നതായിരുന്നു.
'എന്റെ സര്‍ക്കാരിന്റെ മതം ഭരണഘടനയായിരിക്കു'മെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. മത, ജാതി വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കുമെന്നതായിരുന്നു രണ്ടാമത്തെ പ്രഖ്യാപനം. അയല്‍രാജ്യങ്ങളുമായി ഊഷ്മളബന്ധം ഉറപ്പുവരുത്തുമെന്നതായിരുന്നു മൂന്നാമത്തേത്. പാര്‍ലമെന്റില്‍ ആദ്യം നടത്തിയ പ്രസംഗത്തിലും അതെല്ലാം ആവര്‍ത്തിച്ചു.
എന്നാല്‍, എന്താണു സംഭവിച്ചത്.
പാകിസ്താന് ഇന്ത്യയോടും ഇന്ത്യക്ക് പാകിസ്താനോടുമുള്ള ശത്രുത പാരമ്യത്തിലാണിന്ന്. പൗരത്വനിയമം ഭേദഗതി ചെയ്തതോടെ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നമ്മോടുള്ള മനോഭാവമെന്തായിരിക്കുമെന്നു ഗണിച്ചു കണ്ടുപിടിക്കേണ്ടതില്ല. ചൈന എക്കാലത്തേക്കാളും പാകിസ്താനുമായി അടുത്തിരിക്കുന്നു.
അയല്‍ക്കാരുമായി സൗഹൃദം സ്ഥാപിക്കാനായില്ലെന്നു മാത്രമല്ല രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതം ഭീകരമാംവിധം ശത്രുതയുടെ മതില്‍ക്കെട്ടു തീര്‍ത്തുകഴിഞ്ഞു. സ്വന്തം വീട്ടിലെ ഫ്രിഡ്ജില്‍ ആട്ടിറച്ചി സൂക്ഷിച്ചയാളെ അതു പശുവിറച്ചിയാണെന്നാരോപിച്ച് അയല്‍ക്കാര്‍ തല്ലിക്കൊല്ലുന്ന ഭീകരാവസ്ഥയുണ്ടായി. കാലിച്ചന്തയില്‍നിന്നു വളര്‍ത്താനായി പശുക്കളെ വാങ്ങിപ്പോയ ക്ഷീരകര്‍ഷകനെ വഴിയില്‍ തടഞ്ഞു തല്ലിക്കൊല്ലാന്‍ മടിയില്ലാതായി. പെരുന്നാളാഘോഷിക്കാനുള്ള സാധനസാമഗ്രികളുമായി തീവണ്ടിയില്‍ സഞ്ചരിച്ച കൗമാരപ്രായക്കാരനെ പുറത്തേയ്‌ക്കെറിഞ്ഞു അടിച്ചും ചവിട്ടിയും കൊല്ലാന്‍ ആള്‍ക്കൂട്ടം ആവേശം കാട്ടി.
എല്ലാം എന്തിന്റെ പേരില്‍.ഇരകള്‍ മുസ്‌ലിംകളാണെന്ന കാരണത്താല്‍ മാത്രം!
മുസ്‌ലിംകള്‍ ഇവിടെ സ്വതന്ത്രമായി ജീവിക്കാന്‍ പാടില്ലെന്ന വാശി മൂലം. നാടുനീളെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും അതിനെതിരേ ഒരക്ഷരമെങ്കിലും ഉരിയാടിയോ നമ്മുടെ പ്രധാനമന്ത്രി. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ ഹിന്ദുമഹാസഭയുടെ ദേശീയനേതാക്കള്‍ കളിത്തോക്കുകൊണ്ടു നിറയൊഴിച്ചു പ്രതീകാത്മക ഗാന്ധിവധം നടപ്പാക്കിയപ്പോഴും പ്രധാനമന്ത്രി കണ്ണുതുറന്നില്ല.
ഏറ്റവുമൊടുവില്‍, പൗരത്വനിയമം ഭേദഗതി ചെയ്തു.
എന്തിനുവേണ്ടി.
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതപീഡനം അനുഭവിച്ച് ഇന്ത്യയിലെത്തിയവരോടുള്ള ദീനാനുകമ്പയെന്നാണു പറയുന്നത്.
ആ പട്ടികയില്‍ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്തു മതക്കാരെയെല്ലാം ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിംകളെ ഒഴിവാക്കി. പാകിസ്താനിലും മറ്റും മുസ്‌ലിംകള്‍ പീഡനം അനുഭവിക്കില്ലല്ലോ എന്നാണു ന്യായം.
ഏറ്റവും ഭീകരമായ മതപീഡനം നടന്നുകൊണ്ടിരിക്കുന്ന മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കു ജീവനുംകൊണ്ട് ഓടിയെത്തിയിട്ടുണ്ട്. അവരെ എന്തുകൊണ്ടു സംരക്ഷിക്കുന്നില്ലെന്ന ചോദ്യത്തിന് ഇതുവരെ മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഉത്തരം കിട്ടിയിട്ടില്ല.
അസമില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വപ്പട്ടികയുണ്ടാക്കിയത് യഥാര്‍ഥ അസമികളല്ലാത്തവരെ കണ്ടെത്താനാണ്. അങ്ങനെ പൗരന്മാരല്ലെന്നു കണ്ടെത്തുന്നവരെ എന്തുചെയ്യണമെന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരുപക്ഷേ, അനുകമ്പ കാണിച്ചേക്കാം. അല്ലെങ്കില്‍ പൗരത്വം നിഷേധിച്ചേക്കാം. എന്തായാലും പൗരന്മാരല്ലാത്ത എല്ലാവരുടെയും വിധി ഒരുപോലെയായിരിക്കും.
ഇവിടെയാണ് ദുഷ്ടലാക്കോടെ പൗരത്വനിയമഭേദഗതിയിലൂടെ ക്രൂരമായ മതവിവേചന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. അസമില്‍ പുറത്തുനില്‍ക്കുന്ന 19 ലക്ഷത്തില്‍ 13 ലക്ഷവും അമുസ്‌ലിംകളാണ്. അവര്‍ക്ക് സി.എ.എയുടെ പേരില്‍ പൗരത്വം നല്‍കിയാല്‍ ആറുലക്ഷം മുസ്‌ലിംകള്‍ മാത്രം പുറത്താകും. രാജ്യം മുഴുവന്‍ എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കിയാല്‍ കോടിക്കണക്കിനു മുസ്‌ലിംകള്‍ പൗരന്മാരല്ലാതാകും.
ഗോഡ്‌സെ സ്വപ്നം കണ്ടത് മുസ്‌ലിംകള്‍ പൗരന്മാരല്ലാത്ത ഇന്ത്യയെന്ന ഹിന്ദുരാഷ്ട്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."