കൊറോണ: ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുമെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്ന് വന്നവരില്‍ കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതാണ്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ കഴിയുമ്പോള്‍ പ്രത്യേക മുറിയും പ്രത്യേക ടോയ്‌ലറ്റും ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി ഇടപെടുമ്പോള്‍ ഒരു മീറ്റര്‍ അകലം എങ്കിലും പാലിക്കുവാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്. പൊതുപരിപാടികളില്‍ പങ്കെടുക്കാനും പാടില്ല.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, തുണി, മാസ്‌ക് എന്നിവയേതെങ്കിലും ഉപയോഗിച്ച് മറയ്ക്കണം.
കൈ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം. ധാരാളം വെള്ളം കുടിക്കണം. തങ്ങള്‍ വീട്ടില്‍ ഉള്ള വിവരം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വൈദ്യ സഹായം ആവശ്യപ്പെടണം.
ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. സംശയമുള്ളവര്‍ ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിക്കണം. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."