ഇംഗ്ലണ്ടിന് കുരുക്കിട്ട് റഷ്യ
പാരിസ്: ഒരു ഗോളിന്റെ ലീഡുമായി ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന നിമിഷം സ്‌കോര്‍ ചെയ്ത ഗോളില്‍ റഷ്യ സമനിലയില്‍ തളച്ചു.
റഷ്യക്കെതിരേ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങള്‍ ഉള്ള ടീമായതിനാല്‍ ഇംഗ്ലണ്ടിന്റെ ടീം സെലക്ഷനെ എല്ലാവരും സൂക്ഷ്മമായി നിരീക്ഷിച്ച മത്സരം കൂടിയായിരുന്നു ഇത്. ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ്, ആദം ലല്ലന എന്നിവര്‍ മുന്നേറ്റത്തില്‍ കളിച്ചപ്പോള്‍ വെയ്‌നി റൂണിക്ക് അറ്റാക്കിങ് ഫോര്‍വേര്‍ഡിന്റെ റോളായിരുന്നു. ടീം സെലക്ഷനെ ന്യായീകരിക്കുന്ന പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റേത്. ഇതില്‍ റൂണി അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ മികച്ചു നിന്നു. എന്നാല്‍ റഷ്യക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും കാഴ്ച വയ്ക്കാനായില്ല. ലല്ലന മുന്നേറ്റത്തില്‍ നിറഞ്ഞു നിന്ന് റഷ്യന്‍ പ്രതിരോധത്തിന് പലപ്പോഴും ഭീഷണിയുയര്‍ത്തി. കൈല്‍ വാള്‍ക്കറുടെ മികച്ചൊരു പാസില്‍ ലല്ലന ഹാഫ് വോളി ഷോട്ട് ഉതിര്‍ത്തെങ്കിലും റഷ്യന്‍ ഗോളി ഇഗോര്‍ അക്കിന്‍ഫീവിന്റെ മികവ് ഇംഗ്ലണ്ടിന് ഗോള്‍ നിഷേധിച്ചു. അടുത്ത അവസരം ഒരുക്കിയത് റൂണിയായിരുന്നു.
താരം ഒരുക്കിക്കൊടുത്ത മികച്ച അവസരം മുതലെടുത്ത് സ്റ്റെര്‍ലിങ് തൊടുത്ത ക്രോസില്‍ ഡെല്ലെ അല്ലി ഹാരി കെയ്‌ന് മറിച്ച് നല്‍കിയെങ്കിലും കെയ്‌ന് ഷോട്ട് എത്തിപ്പിടിക്കാനായില്ല.
പിന്നീടും കെയ്‌നിന് മികച്ച അവസരം ലഭിച്ചെങ്കിലും ഭാവനാശൂന്യമായ ഷോട്ടുകളിലൂടെ താരം നിരാശപ്പെടുത്തി. അല്ലിയും ഇതേ പിഴവുകള്‍ ആവര്‍ത്തിച്ചു. ഡാനി റോസിയുടെ അപകടകരമായ ക്രോസ് അല്ലിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടുപിന്നാലെ വാള്‍ക്കറുടെ പാസില്‍ ലല്ലാന ഷോട്ടുതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. ഇംഗ്ലണ്ട് നിരന്തരം അവസരം നഷ്ടപ്പെടുത്തുന്നതിനിടെ മുന്നേറ്റത്തിലേക്ക് കയറക്കളിച്ച റൂണി കെയ്‌നിന് നല്‍കിയ അവസരം താരം ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുറച്ച ഇംഗ്ലണ്ട് പിന്നീട് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു ഗോള്‍ നേടാന്‍. നിരന്തരം അവസരം നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ടിനെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇത് മുതലെടുത്ത് റഷ്യ പതുക്കെ മത്സരത്തിലേക്ക് തിരിച്ചെത്തി.
അവരുടെ ചില നീക്കങ്ങള്‍ ഇംഗ്ലണ്ടിന് ഭീഷണിയുയര്‍ത്തി. 73ാം മിനുട്ടില്‍ ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടി. എറിക് ഡിയര്‍ എടുത്ത തകര്‍പ്പന്‍ ഫ്രീകിക്ക് വലയില്‍ കയറുകയായിരുന്നു. എന്നാല്‍ പിന്നീട് തുറന്ന അവസരങ്ങള്‍ ടീമിന് ലഭിച്ചെങ്കിലും മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇതിന് ടീം വലിയ വില നല്‍കേണ്ടി വന്നു. അധിക സമയത്ത് ഇംഗ്ലണ്ടിന്റെ പ്രതിരോധ പോരായ്മകളെ മുതലെടുത്ത് വെസ്ലി ബെറെസുറ്റ്‌സ്‌കിയുടെ ഹെഡ്ഡര്‍ ഗോളാവുകയായിരുന്നു. ഇതോടെ സമനിലയുമായി റഷ്യ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."