ഗോത്രബന്ധു പദ്ധതി: നിയമന ഉത്തരവ് മന്ത്രി എ.കെ ബാലന്‍ കൈമാറും
പാലക്കാട്: അട്ടപ്പാടി മേഖലയിലെ പ്രൈമറി ക്ലാസുകളിലെ 26 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളികളില്‍ ടി.ടി.സി ബി.എഡ് യോഗ്യതയുള്ള തെരഞ്ഞെടുത്ത പട്ടികവര്‍ഗ യുവതീ-യുവാക്കളെ ഗോത്രഭാഷാ പഠനസഹായ അധ്യാപകരായി നിയമിക്കുന്നതിനുള്ള നിയമന ഉത്തരവ് പട്ടികജാതി -പട്ടികവര്‍ഗ -പിന്നാക്കക്ഷേമ -നിയമ - സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കൈമാറും. വിദ്യാര്‍ഥികളുടെ ഭാഷാപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കൊഴിഞ്ഞുപോക്ക് തടഞ്ഞ് ആദിവാസി കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം നൂറു ശതമാനം ഉറപ്പാക്കുകയാണ് ഗോത്രബന്ധു പദ്ധതിയുടെ ലക്ഷ്യം. ഗോത്ര ജീവിക പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്വാശ്രയ സംഘങ്ങളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായ വിതരണം, പരിശീലനാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഗോത്രബന്ധു പദ്ധതിപ്രകാരം അധ്യാപകര്‍ക്കുള്ള നിയമനോത്തരവ് വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാവും.
സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി തൊഴില്‍ലഭ്യത- വരുമാനം- ജീവിത നിലവാരം എന്നിവ ഉറപ്പുവരുത്തുകയാണ് ഗോത്രജീവിക പദ്ധതിയുടെ ലക്ഷ്യം. സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനെജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നടപ്പാക്കിയ പരിശീലനത്തിലൂടെ 1170 പേരാണ് വിവിധ ജില്ലകളിലായി തൊഴില്‍ പരിശീലനം നേടിയത്. ഇവരെ സംഘടിപ്പിച്ച് സംസ്ഥാന വ്യാപകമായി 47 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയൂകയും പലരും കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്വന്തമായി കരാര്‍ ജോലികള്‍ ചെയ്ത് വരുമാനം നേടുന്നുണ്ട്. സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായവിതരണവും ഉദ്ഘാടനസമ്മേളനത്തില്‍ നടക്കും. സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുഗഴേന്തി, പട്ടികവര്‍ഗ വികസന വകുപ്പ് പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ജെ. ജോസഫൈന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സെന്റര്‍ ഫോര്‍ മാനെജ്‌മെന്റ് ഡെവല്‌മെന്റ് ഡയറക്ടര്‍ ഡോ.ജി സുരേഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ കെ. കൃഷ്ണപ്രകാശ്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."