ഇനി കേള്‍ക്കാം... സൂഫി സംഗീതത്തിന്റെ മാസ്മരിക വീചികള്‍
പൊന്നാനി: ഗസലും ഖവ്വാലിയും മെഹ്ഫില്‍ സംഗീതവും അലയൊലി തീര്‍ത്തിരുന്ന ഗതകാല സംഗീതപാരമ്പര്യത്തിന് പുനര്‍ജനി തേടുന്നതിനൊപ്പം അവധൂത കാവ്യാലാപനങ്ങളുടെ കൈവഴിയിലുള്ള സൂഫി സംഗീതത്തിന്റെ ഈരടികളും ഇനി പൊന്നാനിയുടെ പകലിരവുകളെ സംഗീത സാന്ദ്രമാക്കും.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നിള ഗ്രാമത്തില്‍ സൂഫി സംഗീത അക്കാദമി സ്ഥാപിക്കാനൊരുങ്ങുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രാവേറോളം ടൗണിലെ കെട്ടിടങ്ങളുടെ മച്ചിന്‍പുറങ്ങളില്‍നിന്നു ഗുലാം അലിയുടേയും നുസ്‌റത്ത് ഫത്തേഹ് അലി ഖാന്റെയും മുഹമ്മദ് റാഫിയുടെയും മധുരമാര്‍ന്ന ഗസലും ഖവ്വാലിയും ഹിന്ദുസ്ഥാനി സംഗീതവും ഉയര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുപ്രമാണിമാരും സംഗീത ലോകത്തില്‍ ഒന്നായി അലിഞ്ഞുചേര്‍ന്ന സുന്ദരരാത്രികള്‍. പഴയകാല തലമുറയുടെ ജീവശ്വാസമായിരുന്ന സംഗീത രാവുകള്‍ക്കായി നിരവധി മ്യൂസിക് ക്ലബുകളും വാതില്‍ തുറന്നിരുന്നു. ഉള്ളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ താളം നിലയ്ക്കുന്നതിനിടയിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുന്‍കൈ എടുത്ത് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
സൂഫി സംഗീത അക്കാദമിയെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. നിരവധി സൂഫി ഗായകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കൂടാതെ ഫെബ്രുവരി ആദ്യവാരത്തില്‍ പൊന്നാനിയിലെ പഴകാല മ്യൂസിക് ക്ലബുകളിലെ ഗായകര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും നടത്താന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."