സാമ്പത്തികനില പരുങ്ങലില്‍; പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ കുറവില്ല
തിരുവനതന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് യാതൊരു കുറവുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നടന്ന മന്ത്രിസഭായോഗങ്ങളിലായി നിരവധി തസ്തികകളാണ് പുതുതായി അനുവദിക്കാന്‍ തീരുമാനിച്ചത്.
പല തസ്തികകളും കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായാണ് അനുവദിച്ചിരിക്കുന്നത്. ഇതു സ്വന്തക്കാരെ തിരുകിക്കയറ്റാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിവുവന്ന പല തസ്തികകളിലും കരാര്‍ നിയമനം നടത്തുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധുനിയമന വിവാദം ഇടതു സര്‍ക്കാരിനെതിരേ മുന്‍പെങ്ങുമില്ലാത്ത വിധം ശക്തവുമാണ്. ചില തസ്തികകള്‍ നിരന്തര ആവശ്യത്തെ തുടര്‍ന്ന് അനിവാര്യമായതിനാലാണ് സൃഷ്ടിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.
ജീവനക്കാരുടെ പുനര്‍വിന്യാസം പരിഗണിക്കാതെയാണ് പുതിയ തസ്തികകളെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം തസ്തിക സൃഷ്ടിച്ചതില്‍ പ്രധാനം ഭാഗ്യക്കുറി വകുപ്പിലാണ്. ക്ലാര്‍ക്കുമാരുടെ 44 താല്‍കാലിക തസ്തികകളാണ് ഭാഗ്യക്കുറി വകുപ്പില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ്.
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ , അസിസ്റ്റന്റ് പ്രൊഫസര്‍, ടെക്‌നിക്കല്‍ കോ- ഓര്‍ഡിനേറ്റര്‍ ഉള്‍പെടെ 15 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തെരഞ്ഞെടുത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ഉദ്ദേശ കമ്പനിയായി (എസ്.പി.വി) നിയമിക്കപ്പെട്ട കിലയില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ഏഴു പുതിയ തസ്തികകള്‍ കൂടി അനുവദിച്ചു. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കില ഡയരക്ടര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജില്‍ രസതന്ത്ര വിഭാഗത്തില്‍ മൂന്ന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനൊപ്പം തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പുതിയ ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാര്‍ട്‌ടൈം ഹിന്ദി അധ്യാപക തസ്തികയും സൃഷ്ടിക്കാനും തീരുമാനിച്ചു.
ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്ന് അനധ്യാപക തസ്തികകള്‍ കൂടി സൃഷ്ടിക്കും. കേരഫെഡിന്റെ സ്റ്റാഫ് പാറ്റേണ്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."