ന്യൂനപക്ഷ പ്രശ്‌നങ്ങള്‍: സമസ്തയുടെ അടിയന്തര നേതൃയോഗം നാളെ
മലപ്പുറം: ശരീഅത്ത് കേരള റൂള്‍സ്്, കെ.എ.എസ്, വഖ്ഫ് ട്രൈബ്യൂണല്‍ പ്രാതിനിധ്യം തുടങ്ങിയ സുപ്രധാന ന്യൂനപക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അടിയന്തര നേതൃയോഗം നാളെ കോഴിക്കോട്് നടക്കും. കേരള സര്‍ക്കാര്‍ രൂപീകരിച്ച മുസ്‌ലിം വ്യക്തി നിയമം സംബന്ധിച്ച ശരീഅത്ത് കേരള റൂള്‍സ്് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം വിസമ്മത പത്രമാക്കി മാറ്റി.
എന്നാല്‍, ഇതിലൂടെ ശരീഅത്തിനെ തള്ളിപ്പറയാനുള്ള അവസരം സര്‍ക്കാര്‍ നിയമാനുസൃതം സൃഷ്ടിക്കുന്നതായി നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നതിന് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ നിലവിലുണ്ട ്. ഇതിന്റെ നിയമപരമായ സാധുതയും പുതിയ നിയമത്തോടെ ഇല്ലാതായിരിക്കുകയാണ്. ഈ സാഹചര്യം ഗൗരവമായാണ് കാണുന്നത്.
വിവിധ പിന്നാക്ക വര്‍ഗ കമ്മിഷനുകളുടെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ 12 ശതമാനം സംവരണം ലഭിച്ചത്. നിലവിലുള്ള റൊട്ടേഷന്‍ സംവിധാനം വഴി 10 ശതമാനം പോലും സംവരണം ലഭിച്ചില്ലെന്ന് അനൗപചാരിക ഏജന്‍സികള്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ ഘട്ടത്തില്‍ നിലവിലുള്ള സംവരണ സാധ്യതകള്‍ പോലും ഇല്ലാതാക്കിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്.
കാറ്റഗറി ഒന്നില്‍ മാത്രം സംവരണം നല്‍കുകയും നോണ്‍ ഗസറ്റഡ്, ഗസറ്റഡ് റാങ്കിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കാറ്റഗറി രണ്ട്, മൂന്ന് എന്നിവയില്‍ സംവരണതത്വം പാലിക്കാതിരിക്കുകയും ചെയ്യുന്നത് സംവരണ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ തടയലാണ്. സാമ്പത്തിക സംവരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ സംവരണ നിഷേധം നടത്തുന്നതിന് തുല്യമാണിത്.
വഖ്ഫ് നിയമഭേദഗതി പ്രകാരം മൂന്നംഗ ട്രൈബ്യൂണല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിരുന്നെങ്കിലും കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് ഇതില്‍ പ്രാതിനിധ്യം നല്‍കിയിരുന്നില്ല.
ജില്ലാ ജഡ്ജിക്ക് തുല്യമായ അധികാരമുള്ള ചെയര്‍മാന്‍, എ.ഡി.എമ്മിന്റെ റാങ്കില്‍ കുറയാത്ത സിവില്‍ സര്‍വിസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍, ഇസ്‌ലാമിക വിഷയത്തില്‍ പാണ്ഡിത്യമുള്ള മറ്റൊരാള്‍ എന്നിവരടങ്ങുന്ന ട്രൈബ്യൂണലിലേക്ക് ഏകപക്ഷീയമായാണ് സംസ്ഥാന സര്‍ക്കാര്‍ അംഗങ്ങളെ തിരഞ്ഞെടുത്തത്. കോഴിക്കോട് അഡിഷനല്‍ ജില്ലാ ജഡ്ജ് കെ. സോമന്‍ ചെയര്‍മാനായി രൂപീകരിച്ച സമിതിയിലെ മറ്റു രണ്ടു പേരും ഒരു പ്രത്യേക വിഭാഗത്തിന്റെ ആളുകളാണ്. മുസ്‌ലിം സംഘടനകളെ വിശ്വാസത്തിലെടുക്കാതെ പള്ളി, മദ്‌റസ, വിവിധ വഖ്ഫ് സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനായി വഖ്ഫ് ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലില്‍ നിക്ഷിപ്ത താല്‍പര്യക്കാരെ നിയമിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു നാളെ രാവിലെ 11ന് കോഴിക്കോട് സമസ്ത ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."