സെവന്‍സിന്റെ ചടുലത; ചാരുതയോടെ വയനാട് പ്രീമിയര്‍ ലീഗ്
കല്‍പ്പറ്റ: സെവന്‍സിന്റെ കുതിരപ്പാച്ചിലുകളും മെയ് വഴക്കവും പന്തടക്കവും ഗോള്‍ മഴയും ആദ്യഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന വയനാട് പ്രീമിയര്‍ലീഗിനെ ജില്ലയിലെ പ്രധാന സെവന്‍സ് മേളയാക്കുന്നു. കാണികളുടെ ഒഴുക്കും ടൂര്‍ണമെന്റിനെ ജനകീയമാക്കുന്നുണ്ട്. വിദേശ താരങ്ങള്‍ ഉള്‍പെടെയുള്ളവരാണ് വയനാടന്‍ കളി കമ്പക്കാര്‍ക്ക് മുന്നില്‍ കാല്‍പന്തുകളിയുടെ വശ്യത തീര്‍ക്കുന്നത്. കൂടാതെ വയനാട്ടിലെ താരങ്ങളും ഗോളുകളും ചടുല താളവുമായി കാണികളുടെ മനം കവരുന്നുണ്ട്.
കഴിഞ്ഞ 19നാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ മൈതാനത്തൊരുക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. കേരളത്തിന്റെ കാല്‍പന്ത് കളിയുടെ വസന്തകാലത്ത് പന്തു തട്ടിയ ഷറഫലിയാണ് മേള ഉദ്ഘാടനം ചെയ്തത്. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്. ജില്ലയിലെ എ ഡിവിഷനില്‍ കളിക്കുന്ന ആറു ടീമുകള്‍ക്ക് പുറമേ അപേക്ഷ നല്‍കി 40 ഓളം ടീമുകളില്‍ നിന്ന് 10 ടീമുകളെയാണ് തിരഞ്ഞെടുത്തത്.
നോവ അരപ്പറ്റ, വിഡിയോ ക്ലബ് സുല്‍ത്താന്‍ ബത്തേരി, ലെവന്‍ ബ്രദേഴ്‌സ് മുണ്ടേരി, പി.എല്‍.സി പെരുങ്കോട, സ്‌പൈസസ് മുട്ടില്‍, സോക്കര്‍ ഒളിമ്പ്യ മീനങ്ങാടി, ജുവന്റസ് മേപ്പാടി, ഓക്‌സ് ഫോര്‍ഡ് എഫ്.സി വയനാട്, ഡൈന അമ്പലവയല്‍, ഇന്‍സൈറ്റ് പനമരം, ആസ്‌ക് ആറാംമൈല്‍, വയനാട് എഫ്.സി, വയനാട് ഫാല്‍ക്കന്‍സ്, എ.എഫ്.സി അമ്പലവയല്‍, എ വണ്‍ ചെമ്പോത്തറ, സാസ്‌ക് സുഗന്ധഗിരി എന്നീ ടീമുകളാണ് കാണികള്‍ക്ക് സോക്കര്‍ വിരുന്നൂട്ടി എസ്.കെ.എം.ജെയില്‍ പന്തു തട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."