പ്രഖ്യാപനം മാത്രമായി തൊണ്ടര്‍നാട് പാക്കേജ്
മാനന്തവാടി: ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മാവോവാദികള്‍ വേരുറപ്പിക്കുന്നത് തടയുന്നതിനായി കൊണ്ടുവന്ന തൊണ്ടര്‍നാട് പാക്കേജ് എങ്ങുമെത്തിയില്ല. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കി വച്ച തുകയില്‍ പകുതിയിലധികവും ഇനിയും ചെലവഴിച്ചിട്ടില്ല.
തൊണ്ടര്‍നാട് പഞ്ചായത്തിലെ പന്ത്രണ്ട് ആദിവാസി കോളനികളില്‍ വികസനമെത്തിക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയിലെ പ്രവൃത്തികളാണ് എങ്ങുമെത്താത്തത്.
ആദിവാസി കോളനികളിലെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് മാവോവാദികള്‍ ആദിവാസികള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ റോഡ്, വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പാക്കേജ് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയെന്നാണ് ആരോപണം.
വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ കോമ്പാറ, ചുരുളി, പന്നിപ്പാട്, ചാപ്പ, കാട്ടിമൂല തുടങ്ങിയ കോളനികളിലെ അടിസ്ഥാന വികസനമാണ് എങ്ങുമെത്താത്തത്. കോളനികളില്‍ വികസനമെത്തണമെങ്കില്‍ റോഡ് സൗകര്യം പ്രാഥമികമായി വേണമെന്നതിനാല്‍ ആകെ അനുവദിക്കപ്പെട്ട അഞ്ചു കോടി രൂപയില്‍ ഒരുകോടി പതിനെട്ട് ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായാണ് മാറ്റി വച്ചത്.
കോമ്പാറ കോളനി 25 ലക്ഷം, ചുരുളി രണ്ട് ലക്ഷം, മരടി 10 ലക്ഷം, പെരിഞ്ചേരിമല 20 ലക്ഷം, പന്നിപ്പാട് 25 ലക്ഷം, ചാപ്പയില്‍ ഒരു ലക്ഷം, കാട്ടിമൂല 15 ലക്ഷം, മട്ടിലയം അരിമല 20 ലക്ഷം എന്നിങ്ങനെയായിരുന്നു ഒന്‍പത് റോഡുകള്‍ക്കായി മാറ്റി വച്ച തുക.
ഇതില്‍ പ്രധാനപ്പെട്ട കോമ്പാറ, പന്നിപ്പാട്, കാട്ടിമൂല, ചാപ്പയില്‍ എന്നീ റോഡുകളുടെ പ്രവൃത്തി വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ലെന്നാണ് നിര്‍വഹണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പറയുന്നത്. ഇതുവരെയായി 52 ലക്ഷം രൂപയുടെ റോഡ് നിര്‍മാണമാണ് പൂര്‍ത്തിയായത്.
റോഡുകളുടെ അവസ്ഥ ഇതാണെങ്കില്‍ വീടുകളുടെ അവസ്ഥ ഇതിനേക്കാള്‍ ദയനീയമാണ്. പാക്കേജില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് കോളനികളില്‍ ഇരുനൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പകുതിയിലധികവും താമസയോഗ്യമായ വീടുകളില്ലാത്തവരാണ്.
എന്നാല്‍ പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി നീക്കിവച്ചത് ഒരുവീടിന് 3,97,000 രൂപ പ്രകാരം 31 വീടുകള്‍ക്ക് 1,23,07,000 രൂപയാണ്. എന്നാല്‍ രണ്ട് വര്‍ഷംകൊണ്ട് മേല്‍ക്കൂര പൂര്‍ത്തിയാക്കിയത് നാല്, ചുമര്കെട്ടി പൂര്‍ത്തിയാക്കിയത് നാല്, തറകെട്ടി പൂര്‍ത്തിയാക്കിയത് രണ്ട്, അഡ്വാന്‍സ് തുക വാങ്ങിയത് രണ്ട് എന്നിങ്ങനെ പന്ത്രണ്ട് വീടുകള്‍ക്ക് വേണ്ടി 20,60,000 രൂപ മാത്രമാണ് പാക്കേജില്‍ നിന്നും ചിലവഴിച്ചത്.
45 വീടുകള്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ 29,70,000 രൂപ നീക്കിവച്ചപ്പോള്‍ 11 പേര്‍ക്കായി 7,26,000 രൂപ മാത്രമാണ് ഇതിനോടകം ചിലവഴിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ചുരുളി ആഞ്ഞിലിയിലും കല്ലിങ്കല്‍ ഇട്ടിലാട്ടില്‍ കോളനിയിലും ഓരോ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ 21,50,000 രൂപ വകയിരുത്തിയതില്‍ 2,50,000രൂപ ചിലവഴിച്ച് ഇട്ടിലാട്ടില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുകയും വൈദ്യുതിക്ക് വേണ്ടി ഫണ്ടില്ലെന്നതിന്റെ പേരില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുകയുമാണ്. ചുരുളിയില്‍ സ്ഥലം ലഭ്യമാവാത്തതിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ചുരുക്കത്തില്‍ പാക്കേജില്‍ 2,94,31,000 രൂപ അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവച്ചതില്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ചെലവഴിച്ചത് ഒരു കോടിയില്‍ താഴെ മാത്രമാണ്. 2015 മാര്‍ച്ച് 31നുമുന്‍പായി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പ്രവൃത്തികളാണ് 2017 മാര്‍ച്ചായിട്ടും ആദിവാസികള്‍ക്ക് പ്രയോജനപ്പെടാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നീണ്ടു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."